2023ലെ കേരള ഫോക്ലോർ അക്കാദമി അവാർഡ് പ്രഖ്യാപിച്ചു
2023ലെ കേരള ഫോക്ലോർ അക്കാദമി അവാർഡ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 162 നാടൻ കലാപുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഫെലോഷിപ്പ് (13), അവാർഡ് (101), ഗുരുപൂജ പുരസ്കാരം (13), ഗ്രന്ഥരചനാ അവാർഡ് (1), യുവപ്രതിഭാ പുരസ്കാരം (31), ഡോക്യുമെന്ററി പുരസ്കാരം (2), കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2023 ലെ എം.എ ഫോക് ലോർ ഒന്നാം റാങ്ക് ജേതാവിന് നൽകുന്ന അവാർഡ് (1) എന്നീ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
അവാർഡിനായ് 58 വിഭാഗങ്ങളിലായി 484 അപേക്ഷകളാണ് ലഭിച്ചത്. ഫെലോഷിപ്പ് 15,000 രൂപയും പ്രശസ്തിപത്രവും, ഫലകവും, അവാർഡ്, ഗുരുപൂജ, ഗ്രന്ഥരചനാ, ഡോക്യുമെന്ററി എന്നിവയ്ക്ക് 7,500 രൂപയും പ്രശസ്തിപത്രവും, ഫലകവും, യുവപ്രതിഭാ, എം.എ ഫോക് ലോർ ഒന്നാം റാങ്ക് എന്നിവയ്ക്ക് 5,000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങൾ. ഡോ. ഗോവിന്ദവർമ്മ രാജയുടെ അധ്യക്ഷതയിൽ ഡോ. വൈ. വി കണ്ണൻ, ഡോ. ഹരികൃഷ്ണൻ നെത്തല്ലൂർ, എ.വി അജയകുമാർ എന്നിവരാണ് പുരസ്കാര നിർണ്ണയസമിതി അംഗങ്ങൾ.
നാടൻകലകളുടെ കലവറയായ കേരളത്തിൽ ആയിരത്തിലധികം നാടൻകലാരൂപങ്ങളുണ്ട്. ഗോത്രകലകൾ അനുഷ്ഠാനകലകൾ, ക്ഷേത്രകലകൾ, മാപ്പിളകലകൾ, കൃസ്തീയകലകൾ, കാർഷികകലകൾ, തുടങ്ങിയ എല്ലാ വിജ്ഞാന ശാഖകളും കലാരൂപങ്ങളും ഉൾപ്പെടുന്ന വിപുലമായ മേഖല കൈകാര്യം ചെയ്യുന്ന കേരള ഫോക്ലോർ അക്കാദമി അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അതിസാധാരണക്കാരായ ഒന്നരലക്ഷത്തിലധികം കലാകാരന്മാർ ഫോക്ലോർ അക്കാദമിയുടെ നിരന്തര പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അക്കാദമികളിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ കലാകാരന്മാർക്കുള്ള ചികിത്സാ ധനസഹായവും കുട്ടികൾക്കുള്ള കലാപഠനസഹായവും ഫോക്ലോർ അക്കാദമി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
