ക്രിസ്തുമസ്- പുതുവത്സരം: വയനാട് ജില്ലാതല വിപണനമേള ആരംഭിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംരംഭകര്‍ക്ക് പ്രാദേശിക വിപണി ലഭ്യമാകാന്‍ ജില്ലാതല വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലാതല വിപണന മേള രണ്ട്കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. ഡിസംബര്‍ 24 വരെ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിസരത്തും ഡിസംബര്‍25 മുതല്‍ ജനുവരി ഒന്ന് വരെനടവയല് ഫെസ്റ്റ് ഗ്രൗണ്ടിലുമാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലാതല മേള നബാര്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. കൂടാതെ ഡിസംബര്‍ 24 വരെ കല്‍പ്പറ്റ സിന്ദൂര്‍ ടെക്സ്റ്റയില്‍സിന് സമീപവും മാനന്തവാടി നഗരസഭയ്ക്ക് സമീപം കുടുംബശ്രീ ബസാറിലുമായി ബ്ലോക്ക്തല വിപണന മേളയും നടക്കും.
സംരംഭകര്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കള്‍, വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന വിവിധതരം ഉത്പന്നങ്ങള്‍, ജൈവ പച്ചക്കറികള്‍, സ്ക്വാഷ്, അച്ചാറുകള്‍, കുക്കീസ്, നാടന്‍ ഭക്ഷ്യവസ്തുക്കള്‍, പലഹാരങ്ങള്‍, വസ്ത്രങ്ങള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ മേളയില്‍ ഒരുക്കും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്ന് (ഡിസംബര്‍ 21) മുതല്‍ 23 വരെ ക്രിസ്തുമസ്- കേക്ക് മേള കുടുംബശ്രീ സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം കേക്ക് യൂണിറ്റുകള്‍ മേളകള്‍ക്ക് നേതൃത്വം നല്‍കും. പോക്കറ്റ് മാര്‍ട്ട് ആപ്പ് മുഖേന കേക്ക് യൂണിറ്റുകളെ നേരിട്ട് ബന്ധപ്പെട്ട് ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ പ്രകാരമുള്ള കേക്കുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുമെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചു.
