അശ്വമേധം ക്യാമ്പയിൻ ഏഴാംഘട്ടം ജില്ലയിൽ ആരംഭിച്ചു

 അശ്വമേധം ക്യാമ്പയിൻ ഏഴാംഘട്ടം ജില്ലയിൽ ആരംഭിച്ചു

കുഷ്ഠരോഗം സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അശ്വമേധം ക്യാമ്പയിന്റെ ഏഴാംഘട്ടം ജില്ലയിൽ ആരംഭിച്ചു. ജനുവരി 20 വരെ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗ നിർണയ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു.സമൂഹത്തിൽ അറിയപ്പെടാതെ പോകുന്ന കുഷ്ഠരോഗികളെ നേരിട്ടുള്ള ഭവന സന്ദർശനത്തിലൂടെ കണ്ടെത്തി അവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കണ്ണൂർ ജില്ലാആശുപത്രി സൂപ്രണ്ട് ഡോ. എം.കെ ഷാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. രേഖ കെ.ടി ദിനാചരണ സന്ദേശം നൽകി. കുഷ്ഠ രോഗം സംബന്ധിച്ച പോസ്റ്റർ പ്രകാശനവും അശ്വമേധം സെൽഫി കോർണർ ഉദ്ഘാടനവും നടന്നു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ജി അശ്വിൻ, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ എം.ബി മുരളി, ജില്ലാ നഴ്‌സിംഗ് ഓഫീസർ പി വിനോദിനി, ജില്ലാ ആശുപത്രി അഡീഷണൽ ലേ സെക്രട്ടറി കെ സജിത്ത്, ചീഫ് നഴ്‌സിംഗ് ഓഫീസർ ടി ഇന്ദിര, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി പ്രമോദ് കുമാർ, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി. സുധീഷ് എന്നിവർ സംസാരിച്ചു.

കണ്ണൂർ ജില്ലയിൽ നിലവിൽ കുഷ്ഠരോഗ ചികിത്സ എടുക്കുന്നത് 44 പേരാണ്. അതിൽ മൂന്ന് കുട്ടികളും ഉണ്ട്. കുട്ടികളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത് മുതിർന്നവരിൽ രോഗം മറഞ്ഞിരിക്കുന്നതിന്റെ സൂചനയാണ്. ജില്ലയിൽ 6,99,758 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശിക്കും. 1978 ടീമുകളിലായി 3956 സന്നദ്ധ പ്രവർത്തകർ ഫ്‌ലാഷ് കാർഡിന്റെ സഹായത്തോടെ കുഷ്ഠ രോഗ നിർണയത്തിനായി വീടുകളിൽ എത്തും. പരിശീലനം ലഭിച്ച ഒരു ആശാപ്രവർത്തകയും ഒരു പുരുഷ വളണ്ടിയറും അടങ്ങുന്ന സംഘമാണ് വീടുകളിൽ പരിശോധനക്കായി എത്തുന്നത്. ഒരു വർഷം ശരാശരി 40 ഓളം പുതിയ കുഷ്ഠ രോഗ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.

വായുവിലൂടെ പകരുന്ന രോഗമായതിനാൽ രോഗബാധിതർ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ സംസാരിക്കുമ്പോഴോ മൈക്കോബാക്ടീരിയം എന്ന അണുക്കൾ മറ്റുള്ളവരിലേക്ക് എത്തിയേക്കാം. എന്നാൽ ചികിത്സ ആരംഭിച്ച ഒരു രോഗിയിൽ നിന്നും രോഗം പകരില്ല. ശരീരത്തിൽ അണുക്കൾ പ്രവേശിച്ചാൽ ലക്ഷണങ്ങൾ പുറത്തു വരാൻ മൂന്നു മുതൽ 10 വർഷം വരെ സമയം എടുത്തേക്കാം. ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ ആരംഭിച്ചാൽ കുഷ്ഠരോഗം മൂലം ഉണ്ടാകുന്ന വൈകല്യങ്ങൾ പൂർണ്ണമായും തടയാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാനും സാധിക്കും.

തൊലിപ്പുറത്ത് കാണുന്ന നിറവ്യത്യാസങ്ങളാണ് കുഷ്ഠരോഗത്തിന് പ്രധാന പ്രാരംഭ ലക്ഷണം. ശരീരത്തിൽ ചുണങ്ങ് പോലെ കാണപ്പെടുന്നതോ നിറം മങ്ങിയതോ ചുവന്നതോ ചെമ്പുനിറത്തിലുള്ളതോ ആയ പാടുകൾ ശ്രദ്ധിക്കണം. ഇത്തരം പാടുകളിൽ സ്പർശന ശേഷി കുറവായിരിക്കും. എന്നതും ചൂട്, തണുപ്പ് വേദന എന്നിവ അറിയാൻ സാധിക്കില്ല എന്നതും രോഗ ലക്ഷണമായി കണക്കാക്കാം. രോഗം നാഡികളെ ബാധിക്കുന്നതോടെ നാഡികൾ തടിക്കുകയും കൈകാലുകളിൽ തരിപ്പ്,വേദന,മാറാത്ത വ്രണങ്ങൾ എന്നിവ ഉണ്ടാവുകയും ചെയ്യും. മുഖത്തോ ശരീരത്തിലെ തടിപ്പുകൾ കാണപ്പെടാം ചിലരിൽ കണ്ണിനെയും ബാധിക്കാറുണ്ട്. സംശയമുള്ള സാഹചര്യത്തെ തൊലിപ്പുറത്തെ സംവേദന ക്ഷമത പരിശോധിച്ചും തുടർന്ന് ബയോപ്‌സി പരിശോധനയിലൂടെയും രോഗം സ്ഥിരീകരിക്കാൻ സാധിക്കും.

രോഗത്തിന്റെ തീവ്രത അനുസരിച്ച് ആറുമാസം മുതൽ 12 മാസം വരെ നീണ്ടുനിൽക്കുന്ന വിവിധ ഔഷധ ചികിത്സയിലൂടെ കുഷ്ഠരോഗം പൂർണമായും ഭേദമാക്കാൻ കഴിയും. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഇതിനായുള്ള മരുന്നുകൾ തികച്ചും സൗജന്യമായി ലഭ്യമാണ്. തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ വൈകല്യം ഇല്ലാത്ത ഒരു സമൂഹത്തെ കെട്ടിപ്പിടിക്കാൻ സാധിക്കും.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *