ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം. ദുരന്തമുണ്ടായപ്പോൾ മുതൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് 5 മാസത്തിനുശേഷം കേന്ദ്രം അംഗീകരിച്ചത്. കേന്ദ്രസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിലേക്കു പണം കൈമാറിയെന്നും കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് അയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തഭൂമി സന്ദർശിച്ചിട്ടും സഹായം അനുവദിക്കുന്നതിനോ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിനോ നടപടി സ്വീകരിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതോടെ കേന്ദ്രത്തിൽനിന്ന് കൂടുതൽ സഹായം ആവശ്യപ്പെടാൻ സംസ്ഥാനത്തിനു സാധിക്കും. എന്നാൽ കൂടുതൽ തുക അനുവദിക്കുന്നതിനെക്കുറിച്ച് കത്തിൽ വ്യക്തമായി പറയുന്നില്ല.