മലപ്പുറം എസ്.പി. ആയിരുന്ന സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ കേസ് എടുക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു

മലപ്പുറം എസ്.പി. ആയിരുന്ന സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ കേസ് എടുക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും പോലീസ് ഉദ്യോഗസ്ഥർക്കുമാണ് നോട്ടീസയച്ചത്. അതേസമയം, സംഘടിത കുറ്റകൃത്യം ചെയ്യുന്നവർ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വ്യാജ പരാതി ഉന്നയിക്കാറുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്യിതു. ബലാത്സംഗ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് വീട്ടമ്മ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എടുക്കാൻ ഉത്തരവിടുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗമോ, പോലീസ് റിപ്പോർട്ടോ പരിഗണിക്കേണ്ടതില്ലെന്ന് വീട്ടമ്മയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് വാദിച്ചു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വ്യാജ പരാതികൾ ഉയർന്നുവരാറുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചില കുറ്റവാളികൾ അവർക്ക് എതിരായ പരാതികളിൽ അന്വേഷണം വഴി തെറ്റിക്കാൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാറുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2022 ൽ ഉണ്ടായ സംഭവത്തിൽ പരാതി നൽകാൻ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു. എന്നാൽ മജിസ്‌ട്രേറ്റ് കേസ് എടുക്കാൻ നിർദേശിക്കുന്നതിന് മുമ്പ് ആരോപണ വിധേയരായ പോലീസുകാരുടെ ഭാഗവും പോലീസ് റിപ്പോർട്ടും പരിഗണിക്കണമെന്ന് ബിഎൻഎസ്എസ്സിന്റെ 175 ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ സി കെ ശശി വാദിച്ചു. മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈ.എസ്.പി വി.വി. ബെന്നി, പൊന്നാനി മുൻ സി.ഐ വിനോദ് എന്നിവർക്ക് എതിരേയാണ് യുവതി ബലാത്സംഗ പരാതി ഉന്നയിച്ചത്. ഇതിൽ വിനോദിന് വേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ദാവെയും അഭിഭാഷകൻ എ കാർത്തികും ഹാജരായി. വീട്ടമ്മ പരാതി വ്യാജം ആണെന്ന് ഇരുവരും വാദിച്ചു. ആദ്യം ഒരു ഉദ്യോഗസ്ഥന് എതിരെ പരാതി നൽകി. ആ പരാതി വ്യാജം ആണെന്ന് കണ്ടെത്തിയ സീനിയർ ഉദ്യോഗസ്ഥന് എതിരെ രണ്ടാമത്തെ പരാതി നൽകി. ഇത് അന്വേഷിച്ച എസ്പിക്ക് എതിരെയും ബലാത്സംഗ പരാതി നൽകി. ഇത് വിശ്വസനീയം അല്ലെന്ന് സിദ്ധാർഥ് ദാവെ വാദിച്ചു