‘ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം’ എന്ന് ആലേഖനം ചെയ്ത ബാഗുമായി പാര്‍ലമെന്റിലെത്തി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച പാര്‍ലമെന്റിലെത്തിയത് ബംഗ്ലാദേശിലെ ‘ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം’ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ്. പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതതായിരുന്നു പ്രിയങ്ക. തിങ്കളാഴ്ച പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി എത്തിയ പ്രിയങ്കയുടെ നടപടി പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനുപിന്നാലെയാണ് ചൊവ്വാഴ്ച പുതിയ ബാഗുമായുള്ള പ്രിയങ്കയുടെ ആഗമനം. ‘ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്താനികള്‍ക്കുമൊപ്പം നിലകൊള്ളുക’ എന്നാണ് ബാഗില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക തിങ്കളാഴ്ച സഭയില്‍ ആവശ്യമുന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് മുദ്രാവാക്യമെഴുതിയ ബാഗുമായി പ്രിയങ്ക എത്തിയത്. ബാഗുമേന്തി പാര്‍ലമെന്റിന് പുറത്ത് പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ പ്രകടനവും നടന്നു. മറ്റ് പ്രതിപക്ഷ എം.പിമാരും സമാനമായ ബാഗുകളേന്തിയാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ബംഗ്ലാദേശിലുള്ള ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണമെന്നാണ് പ്രിയങ്കയുടെ ആവശ്യം. തണ്ണിമത്തന്‍ ചിത്രവും പലസ്തീന്‍ എന്ന കുറിപ്പും ആലേഖനം ചെയ്ത ബാഗുമായി പ്രിയങ്ക തിങ്കളാഴ്ച എത്തിയതോടെ സഭയില്‍ ബി.ജെ.പി. അംഗങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആഭ്യന്തരവിഷയങ്ങളെ കുറിച്ച് പരാമര്‍ശിക്കാതെ വിദേശരാജ്യങ്ങളുടെ വിഷയങ്ങള്‍ക്കാണ് പ്രിയങ്ക പ്രാധാന്യം നല്‍കുന്നതെന്ന വിമര്‍ശനം ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, താനോ മറ്റു സ്ത്രീകളോ ധരിക്കുന്ന വസ്ത്രങ്ങളേയോ മറ്റു വസ്തുക്കളെയോ കുറിച്ച് ആരും അഭിപ്രായം പ്രകടിപ്പിക്കേണ്ടതില്ല എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ”ഇത് ഇന്ത്യന്‍ പാര്‍ലമെന്റാണ്. ഇന്ത്യയിലെ 140 ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് എംപിമാരെ തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കയക്കുന്നത്. അസദുദ്ദിൻ ഒവൈസിയാണ് ആദ്യം ജയ് പലസ്തീന്‍ എന്ന മുദ്രാവാക്യം മുഴക്കിയത്. ഇപ്പോഴിതാ പ്രിയങ്ക പാര്‍ലമെന്റിലേക്ക് പലസ്തീന്‍ ബാഗ് കൊണ്ടുവന്നിരിക്കുന്നു”, ബി.ജെ.പി. ഐ.ടി. സെല്ലിന്റെ നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. പ്രിയങ്ക വദ്രയാണ് എല്ലാത്തിനും പരിഹാരമെന്ന് വിശ്വസിച്ചിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി സഭാസമ്മേളനത്തിനുശേഷം രണ്ടുമിനിറ്റ് മൗനമാചരിക്കണമെന്നും മാളവ്യ എക്‌സ് പോസ്റ്റിലൂടെ പരിഹസിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കായി എന്തെങ്കിലും പ്രവര്‍ത്തിക്കാനും വിഡ്ഢിത്തങ്ങള്‍ പറയാതിരിക്കാനും ബി.ജെ.പി. നേതാക്കളോട് പറയൂ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 1971 ല്‍, ബംഗ്ലാദേശ് നടത്തിയിരുന്ന വിമോചനപോരാട്ടത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലിനേയും പ്രിയങ്ക എടുത്തുപറഞ്ഞു. “അന്ന് നമ്മള്‍ പങ്കെടുത്ത ആ പോരാട്ടം മര്യാദയുടെ പേരിലായിരുന്നു, ജനാധിപത്യത്തിന് വേണ്ടിയായിരുന്നു, ക്രൂരതകള്‍ക്കെതിരേയായിരുന്നു. ഇന്ത്യയുടെ ഈ നയങ്ങളാണ് ഇന്ത്യയെ മഹത്വവല്‍ക്കരിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യസമരവും ഇതേ തത്വങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു. അക്കാലത്ത് നമ്മള്‍ ഒറ്റയ്ക്കായിരുന്നു”, പ്രിയങ്ക പറഞ്ഞു. “ക്രൂരതകള്‍ നിര്‍ത്തലാക്കണമെന്ന് ലോകമാകമാനം സഞ്ചരിച്ച് ഇന്ദിരാജി പറഞ്ഞു. പീഡനങ്ങള്‍ക്കെതിരെ ഇന്ത്യ മാത്രമാണ് നിലകൊണ്ടത്. ഇന്ദിരാജി നിലകൊണ്ടു, നമ്മുടെ സൈന്യവും ജനതയും നിലയുറപ്പിച്ചു”, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. അതേസമയം, പലസ്തീന്‍ ബാഗുമായെത്തിയ പ്രയിങ്കയ്ക്ക് അഭിനന്ദനം അറിയിച്ച് പാകിസ്താന്റെ മുന്‍മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി എക്‌സിലൂടെ രംഗത്തെത്തി. ജവഹര്‍ ലാല്‍ നെഹ്‌റുവിനെ പോലെ മഹാനായ സ്വാതന്ത്ര്യസമരസേനാനിയുടെ പേരക്കുട്ടിയില്‍ നിന്ന് മറ്റെന്താണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത് എന്ന് ഫവാദ് ഹുസൈന്‍ കുറിച്ചു. ഇടുങ്ങിയ മനസ്സുള്ളവര്‍ക്കിടയില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കൂവെന്നും പാകിസ്താനി പാര്‍ലമെന്റിലെ ഒരംഗം പോലും ഇത്തരമാരു പ്രവൃത്തിയ്ക്ക് ധൈര്യം കാണിച്ചിട്ടില്ലെന്നും ഫവാദ് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.