ബഹിരാകാശത്തു ചരിത്രം കുറിച്ച് ഐഎസ്ആർഒ

 ബഹിരാകാശത്തു ചരിത്രം കുറിച്ച് ഐഎസ്ആർഒ

ബഹിരാകാശത്തു ചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു പിഎസ്എൽവി–സി60 റോക്കറ്റ് കുതിച്ചുയർന്നു. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ് എന്ന സ്‌പേഡെക്‌സ് (SpaDeX) ദൗത്യവുമായാണു റോക്കറ്റ് കുതിച്ചത്. ബഹിരാകാശത്തു ചുറ്റിത്തിരിയുന്ന 2 പേടകങ്ങൾ കൂട്ടിച്ചേർക്കുന്ന അപൂർവദൗത്യമാണു ലക്ഷ്യം. ഇതു വിജയിക്കുന്നതോടെ ‘സ്പേസ് ഡോക്കിങ്’ സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 2 ഉപഗ്രഹങ്ങള്‍ക്കു പുറമെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ഭ്രമണപഥത്തിലെത്തിക്കും. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണു (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക. 476 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്ന ചേസര്‍ (എസ്ഡിഎക്സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്സ് 02) എന്നീ ഉപഗ്രഹങ്ങളെയാണ് ഐഎസ്ആര്‍ഒ ഡോക്ക് ചെയ്യിക്കുന്നത്. ഓരോ ഉപഗ്രഹങ്ങൾക്കും 220 കിലോഗ്രാം വീതമാണു ഭാരം. പരസ്പരം 10–15 കിലോമീറ്റർ അകലെയായി നിർത്തുന്ന ഇവയെ അടുപ്പിച്ചു കൂട്ടിച്ചേർക്കുന്നതാണു ഡോക്കിങ്. റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളാണു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനിരിക്കുന്ന ഇന്ത്യയുടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ’ നിർമാണത്തിലും നിർണായകമാകും ഡോക്കിങ് പരീക്ഷണം. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന റോക്കറ്റുകൾ ദീർഘകാലം അവിടെ അവശിഷ്ടമായി തുടരുകയോ കടലിൽ വീഴുകയോ ആണ് പതിവ്. ഇതിനു പരിഹാരമായി പിഎസ്എൽവി റോക്കറ്റിന്റെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടത്തിനെ (പിഎസ്–4) ഉപഗ്രഹത്തിനു സമാനമായ പ്ലാറ്റ്ഫോം ആയി ഉപയോഗപ്പെടുത്തും. അതാണു പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ അഥവാ പോയം. ഇതിന്റെ നാലാം പതിപ്പിനെ ഐഎസ്ആർഒ തദ്ദേശീയമായാണു വികസിപ്പിച്ചത്. മൂന്ന് മാസം വരെ ഗവേഷണം നടത്താവുന്ന രീതിയിലാണു ഡിസൈനിങ്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *