ഇ.വി. ആക്സിലറേറ്റര്‍ സെല്ലിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിര്‍വ്വഹിച്ചു

 ഇ.വി. ആക്സിലറേറ്റര്‍ സെല്ലിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിര്‍വ്വഹിച്ചു

കെ.എസ്.ഇ.ബി കേരളത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ സമഗ്രമായ നവീകരണം ലക്ഷ്യമിട്ട് രൂപം നൽകിയ ഇ.വി. ആക്സിലറേറ്റര്‍ സെല്ലിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിര്‍വ്വഹിച്ചു. വൈദ്യുതി വാഹനങ്ങളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണെന്നും അവയ്ക്ക് ആവശ്യമായത്ര സുസജ്ജമായ ചാർജിംഗ് ശൃംഘല കേരളത്തിലുടനീളം സൃഷ്ടിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്താകെ ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.യ്ക്കും അനര്‍‍ട്ടിനും കഴിഞ്ഞിട്ടുണ്ടെങ്കിലും പരാതികൾ സത്വരമായി പരിഹരിച്ചുകൊണ്ട് ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന കാര്യത്തിലും ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റീവാമ്പിംഗ് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് എക്കോ സിസ്റ്റം ഇന്‍ കേരള എന്ന വിഷയത്തില്‍ കെ.എസ്.ഇ.ബി. റോക്കി മൌണ്ടൻ ഇന്‍‍സ്റ്റിറ്റ്യുട്ടുമായി സഹകരിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി ഇ-മൊബിലിറ്റി നയം നടപ്പാക്കിയത് കേരളത്തിലാണ്. ഈ നയമനുസരിച്ച് കേരളത്തില്‍ വൈദ്യുതി വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി കെ.എസ്.ഇ.ബി ആണ്. ആദ്യഘട്ടത്തില്‍ സ്ഥാപിച്ച പുതുപ്പാടി, കൊയിലാണ്ടി, കണ്ടശന്‍ക്കടവ്, വടക്കാഞ്ചേരി, കുറ്റിക്കാട്ടൂര്‍ എന്നീ ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകള്‍ പുത്തന്‍ സാങ്കേതിക വിദ്യയിലുള്ള വാഹനങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇവ ഉള്‍‍പ്പടെയുള്ള എല്ലാ ഫാസ്റ്റ് ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകളും ആധുനിക സൌകര്യങ്ങളോടെ നവീകരിക്കാന്‍ കെ.എസ്.ഇ.ബി പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ്. റിഫ്രഷ് ആന്റ് റീ ചാർജ് എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കുന്നതോടെ നാല് വാഹനങ്ങള്‍ക്ക് വരെ ഒരേസമയം ചാര്‍ജ് ചെയ്യാനാവും. ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമാകുന്ന തരത്തിൽ കഫറ്റീരിയ, ശുചിമുറി, വൈ-ഫൈ സംവിധനം എന്നിവയും ചാർജിംഗ് സ്റ്റേഷനിൽ ഒരുക്കും. സ്മാര്‍ട്ട് ആപ്പ്ഫ്രീ സാങ്കേതിക വിദ്യയുപയോഗിച്ച് ഉപഭോക്താക്കള്‍‍ക്ക് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഒരുക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കി. മൊബൈൽ ആപ്പിന്റെ സഹായം കൂടാതെ അനായാസം വാഹന ചാർജിംഗ് സാധ്യമാക്കുന്ന ഏറ്റവും ആധുനികമായ സംവിധാനമാണ് ഉദ്ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍, അര്‍‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളോട് ചേർന്നും ചാര്‍‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. മാള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എംപാനല്‍ഡ് ഏജന്‍സികള്‍ക്ക് ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *