പാർലമെന്റ് വളപ്പിൽ ‘മോദിയുമായും അദാനിയുമായും’ ഹാസ്യ അഭിമുഖം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ‘മോദിയും അദാനിയും ഒന്നാണ്’ എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രതിഷേധ പ്രകടനത്തിനിടെ പാർലമെന്റ് വളപ്പിൽ ‘മോദിയുമായും അദാനിയുമായും’ ഹാസ്യ അഭിമുഖം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ച് തോളോട് തോൾ ചേർന്നുനിന്ന എം.പി.മാരായ കാൽഗെ ശിവജി ബന്ദപ്പയുമായും മാണിക്കം ടാഗോറുമായുമായിരുന്നു രാഹുൽ ഗാന്ധിയുടെ തമാശ രീതിയിലെ അഭിമുഖം. പാർലമെന്റിന്റെ മകരദ്വാറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ത്യ പാർട്ടി നേതാക്കളും പങ്കെടുത്ത സമരത്തിലായിരുന്നു കൗതുകക്കാഴ്ച. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഹുൽ ഹാസ്യ ചക്രവർത്തിയാണെന്നും അദ്ദേഹം ഏറ്റവും നന്നായി വഴങ്ങുന്ന സ്റ്റാൻഡ് അപ്പ് കോമഡിയിൽ മുഴുകിയിരിക്കയാണെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ധർമേന്ദ്ര പ്രധാൻ പരിഹസിച്ചു.