ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

 ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്. ബില്ല് ഭരണഘടന വിരുദ്ധമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി വ്യക്തമാക്കി. ബില്ല് പിൻവലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എതിർപ്പുമായി സമാജ് വാദി പാർട്ടിയും രംഗത്തെത്തി. ബില്‍ ഇന്ത്യയുടെ നാനാത്വം തകർക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും സമാജ് വാദി പാർട്ടി ആരോപിച്ചു. ബില്ലിനെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ട്, എന്നാൽ സഭയിൽ മര്യാദ പാലിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ കൂടുതൽ കാര്യക്ഷമമായ മാർഗം വേണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ബില്ലിനെതിരെ കടുത്ത എതിർപ്പുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. നിയമസഭകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്. ഇത് തെരഞ്ഞെടുപ്പ് പരിഷ്ക്കാരമല്ല. ഒരു വ്യക്തിയുടെ ആഗ്രഹപൂർത്തീകരണം മാത്രമെന്ന് കല്യാൺ ബാനർജി എം പി പ്രതികരിച്ചു. ബിൽ ജെപിസിക്ക് വിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ടിഡിപി രംഗത്തെത്തി. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തെ ദൃഢമാക്കുന്ന തീരുമാനമെന്ന് ടിഡിപി വ്യക്തമാക്കി. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ വിശദീകരിച്ചു. പ്രധാനമന്ത്രി തന്നെ ജെ പി സിക്ക് വിടാമെന്ന് പറഞ്ഞിട്ടുണ്ട്. ബില്ല് ജെ പി സിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമ മന്ത്രിയും വ്യക്തമാക്കി.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *