ശബരിമല തീർഥാടനത്തിന്റെ നടത്തിപ്പ് പുതിയതായി രൂപവത്കരിക്കുന്നത് വികസന അതോറിറ്റി. തീർഥാടനത്തിന് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനവും അതോറിറ്റി ഏറ്റെടുക്കും. ഇതോടെ മുഖ്യമന്ത്രി ചെയർമാനും ദേവസ്വംമന്ത്രി അധ്യക്ഷനുമായ അതോറിറ്റിക്ക് ശബരിമലയിൽ കൂടുതൽ അധികാരവും ചുമതലയും വരും. ശബരിമലയിലെ വികസനപ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിക്കുകയെന്നതാണ് അതോറിറ്റിയുടെ പ്രധാന ചുമതല. ഇതോടെ ശബരിമലയിലെ നിർമാണങ്ങളുടെ മേൽനോട്ടത്തിന് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ അധികാരം പരിമിതപ്പെട്ടേക്കും.ശബരിമലയിൽ കോടതിയുടെ നിരന്തര ഇടപെടലുകളുണ്ട്. ഇതിനോട് സർക്കാരിന് യോജിപ്പില്ലെന്നുള്ള രാഷ്ട്രീയനയംകൂടി വ്യക്തമാവുകയാണിപ്പോൾ. ഇപ്പോൾ അതോറിറ്റിയുടെ കരടുചട്ടം സർക്കാരിന്റെ പരിശോധനയിലാണ്.