റാന്നിയില്‍ മന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

റാന്നിയില്‍ മന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തത് ചൂണ്ടികാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ കണ്ടതോടെ മന്ത്രി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. പോലീസ് പ്രവര്‍ത്തകരെ തടയുകയും മന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും മന്ത്രി തടയുകയും പ്രതിഷേധക്കാര്‍ പറയുന്നത് കേള്‍ക്കാന്‍ തയാറാക്കുകയും ചെയ്യിതു. പിന്നാലെ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പതിനഞ്ചു ദിവസമായിട്ടും ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തത് ചോദ്യം ചെയ്യുകയും ചെയ്തു. ഇത് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദത്തിന് ഇടയാക്കി. ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഈഗോ മാറ്റിവെച്ച് സമരപന്തല്‍ സന്ദര്‍ശിക്കണമെന്ന് പ്രവര്‍ത്തകര്‍വ്യക്തമാക്കി. നിങ്ങള്‍ ആയിരം രൂപയല്ലേ കൊടുത്തതെന്നും ഏറ്റവും കൂടുതല്‍ പണം കൊടുത്തത് ഈ സര്‍ക്കാരല്ലേയെന്നും മന്ത്രി പ്രവര്‍ത്തകരോടും ചോദിച്ചു. പത്തുമിനിറ്റോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയുമായി വാഗ്വാദം നീണ്ടു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.