നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സുപ്രീംകോടതി. വിചാരണ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. കേസിലെ എല്ലാ പ്രതികളെയും ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കക്ഷിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി 2 ആഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് കപില്‍ സിബല്‍, കേസിലെ പ്രതിയായ എം.ശിവശങ്കറിന്റെ സീനിയര്‍ അഭിഭാഷകന് ജയന്ത് മുത്തുരാജ് തുടങ്ങിയവരോടാണ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞത്. ട്രാസ്ഫര്‍ ഹര്‍ജിയെ എതിര്‍ക്കരുതായിരുന്നുവെന്നും ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്, രാജേഷ് ബിന്ദാള് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എന്നാൽ കേസില്‍ 23 പ്രതികളുണ്ടെന്നും അതില്‍ 14 മാത്രമാണ് ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിരിക്കുന്നതെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ബാക്കിയുള്ളവരെ കൂടി കക്ഷിചേര്‍ക്കാന്‍ ഇഡിയോട് സുപ്രീംകോടതി നിർദേശം നൽകി. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാന്‍ ഇഡിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്ന് കേരള സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്യുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ കര്‍ണാടകത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം അട്ടിമറിക്കുന്നത് തടയാനാണ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് കാരണമായി ഇഡി വ്യക്തമാക്കിയത്. നിലവില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ അത്തരം ഒരു ആവശ്യത്തിന് പ്രസക്തിയില്ലെന്ന് സിബല്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കപില്‍ സിബലിന് പുറമെ സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ.ശശിയും ഹാജരായി. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നതില്‍ പ്രശ്നമില്ലെന്ന് സരിത്തിന്റെയും സ്വപ്നയുടെയും അഭിഭാഷകനായ ആര്.കൃഷ്ണരാജ് കോടതിയെ അറിയിച്ചു.