വിഷു അവധിക്കാലത്ത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റെയിൽവേക്ക് വരുമാനമാർഗമായി മാറുന്നു

കണ്ണൂർ: വിഷു അവധിക്കാലത്ത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റെയിൽവേക്ക് വരുമാനമാർഗമായി മാറുന്നു. വെയിറ്റിങ് ലിസ്റ്റ് 200 കടന്നിട്ടും ഒരിക്കലും ഉറപ്പാകാത്ത ടിക്കറ്റിനായി ബുക്കിങ് ഇപ്പോഴും തുടരുകയാണ്. ചെന്നൈ, ബെംഗളൂരു യാത്രയ്ക്കൊപ്പം കേരളത്തിനുള്ളിലോടുന്ന പല തീവണ്ടികളിലും വെയിറ്റിങ് ലിസ്റ്റ് 200 കടന്നു. ബുക്ക് ചെയ്ത വെയിറ്റിങ് ടിക്കറ്റ് റദ്ദാക്കുമ്പോഴും റദ്ദാക്കാതെ നിന്നാലും റെയിൽവേയ്ക്ക് പ്രതിദിനം ഏഴുകോടി രൂപയോളം വരുമാനം കിട്ടുന്നുണ്ടെന്നാണ് കണക്കുകൾ. അവസാനനിമിഷമെങ്കിലും ടിക്കറ്റ് ഉറപ്പാകുമെന്ന് കരുതിയാണ് എല്ലാവരും വെയിറ്റിങ് ലിസ്റ്റിൽ വളരെ പിറകിലാണെന്നറിഞ്ഞിട്ടും ടിക്കറ്റെടുക്കുന്നത്. മൂന്നിരട്ടിയിലധികം നിരക്ക് നൽകി പ്രീമിയം തത്കാലിനെ ആശ്രയിക്കുന്ന വിഷുയാത്രക്കാർക്ക് കൈപൊള്ളുമ്പോഴാണ് ഈ വെയിറ്റിങ് ലിസ്റ്റ് കൊള്ള. കൂടാതെ വിഷു ആഘോഷത്തോനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കുറയ്ക്കാൻ മലബാർഭാഗത്തേക്ക് ഇത്തവണയും റെയിൽവേ പ്രത്യേകതീവണ്ടി അനുവദിച്ചില്ല. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള പ്രധാന തീവണ്ടികളായ ചെന്നൈ -മംഗളൂരു മെയിൽ, ചെന്നൈ സെൻട്രൽ- മംഗളൂരു സൂപ്പർഫാസ്റ്റ് വണ്ടി എന്നിവയിൽ സ്ലീപ്പർ കോച്ചുകളിലെ വെയ്റ്റിങ് ലിസ്റ്റ് 125-ന് മുകളിലാണ്. തേഡ് എ.സി. കോച്ചുകളിൽ വെയ്റ്റിങ് ലിസ്റ്റ് 75-ന് മുകളിലാണ്. ഈ മാസം 12-നെങ്കിലും ചെന്നൈലിൽനിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്ക് പ്രത്യേകവണ്ടി അനുവദിച്ചാൽ മാത്രമേ വിഷുവിന് നാട്ടിലെത്താൻ കഴുയുകയുള്ളൂവെന്ന് യാത്രക്കാർ വ്യക്തമാക്കി.