രാജ്യത്ത് യുപിഐ പേമന്റ് സേവനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ പേമന്റ് സേവനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ട്. പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള സേവനങ്ങളില്‍ തടസം നേരിട്ടു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് യുപിഐ സേവനങ്ങളിലെ തകരാര്‍ രൂക്ഷമായത്. ഇതോടെ പണമിടുപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കള്‍ പ്രയാസത്തിലായി. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ യുപിഐ സേവനത്തിലെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തടസം നേരിടാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. ഒമ്പത് മണിയോടെ ഫോണ്‍ പേ സേവനങ്ങള്‍ സാധാരണ നിലയിലായതായി അറിയിച്ച് ഫോണ്‍ പേ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ രാഹുല്‍ ചാരി എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. ഉയര്‍ന്ന ട്രാഫിക്കാണ് ഇന്നത്തെ സാങ്കേതിക തടസത്തിന് കാരണമെന്നാണ് രാഹുല്‍ ചാരി വ്യക്തമാക്കിയത്. ഇതേ സമയം തന്നെ പേടിഎമ്മും സേവനങ്ങള്‍ സാധാരണ ഗതിയിലായതായറിയിച്ച് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. യുപിഐ സേവനങ്ങളുടെ ഉപയോഗത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സാങ്കേതിക തടസമുണ്ടായിരിക്കുന്നത്. മാര്‍ച്ചിലെ കണക്കനുസരിച്ച് 1830 കോടി ഇടപാടുകളാണ് മാര്‍ച്ചില്‍ നടന്നത്. ഫെബ്രുവരിയില്‍ 1611 കോടിയായിരുന്നു.