കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം സ്കൂളിൽ പഠിപ്പിക്കണമെന്ന ആവശ്യം ദേശീയ വിദ്യാഭ്യാസ കൗൺസിലിന്‍റെ പരിഗണനക്ക് വിട്ട് കേന്ദ്ര സർക്കാർ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം സ്കൂളിൽ പഠിപ്പിക്കണമെന്ന ആവശ്യം ദേശീയ വിദ്യാഭ്യാസ കൗൺസിലിന്‍റെ പരിഗണനക്ക് വിട്ട് കേന്ദ്ര സർക്കാർ. യു.പിയിലെ ഖൊരക്പൂർ കേന്ദ്രീകരിച്ചുള്ള ‘അമിത് ഷാ യൂത്ത് ബ്രിഗേഡ്’ എന്ന സംഘടന ഉയർത്തിയ ആവശ്യമാണ് കേന്ദ്രം എൻ.സി.ഇ.ആർ.ടിയുടെ പരിഗണനക്ക് വിട്ടത്. അമിത് ഷായുടെ വ്യക്തിജീവിതത്തെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കണമെന്നാണ് ‘അമിത് ഷാ യൂത്ത് ബ്രിഗേഡി’ന്‍റെ ആവശ്യം.അമിത് ഷാ യൂത്ത് ബ്രിഗേഡിന്‍റെ അധ്യക്ഷൻ എസ്.കെ. ശുക്ലയാണ് ഇത്തരമൊരു ആവശ്യവുമായി ഡിപാർട്മെന്‍റ് ഓഫ് സ്കൂൾ എജ്യുക്കേഷനിൽ കത്ത് നൽകിയത്. ഇത് കഴിഞ്ഞയാഴ്ചയാണ് എൻ.സി.ഇ.ആർ.ടിയുടെ പരിഗണനക്ക് വിട്ടതെന്ന് ‘ദി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയിതു. ആവശ്യമുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകിയിരുന്നെന്ന് എസ്.കെ. ശുക്ല വ്യക്തമാക്കി. ഡിസംബർ 18നാണ് ആവശ്യവുമായി കത്ത് നൽകിയതെന്നും ശുക്ല പറഞ്ഞു. അതേസമയം, കത്ത് എൻ.സി.ഇ.ആർ.ടിയുടെ പരിഗണനക്ക് വിട്ടത് ഒരു നിർദേശമല്ലെന്നും നടപടിക്രമം മാത്രമാണെന്നും വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ‘മന്ത്രാലയത്തിന് പലയിടങ്ങളിൽ നിന്നായി പലതരം കത്തുകൾ ലഭിക്കാറുണ്ട്. എൻ.സി.ഇ.ആർ.ടി ഒരു സ്വയംഭരണ സ്ഥാപനമാണ്. അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. കത്ത് പരിഗണനക്കായി അയക്കുകയെന്ന നടപടിക്രമം മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തിട്ടുള്ളത്’ -ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.