ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും സാധാരണക്കാരായ 26 പേരെ കൊലപ്പെടുത്തിയ ഭീകരരെ ഓരോരുത്തരെയും വേട്ടയാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ”പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആരെയും വെറുതെവിടില്ല. പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും. 26 പേരെ കൊലപ്പെടുത്തിയതുകൊണ്ട് നിങ്ങള്‍ ജയിച്ചുവെന്ന് കരുതേണ്ട. നിങ്ങള്‍ ഓരോരുത്തരും ഉത്തരംപറയേണ്ടിവരും. ഇത് നരേന്ദ്രമോദി സര്‍ക്കാരാണ്. ആരെയും വെറുതെവിടില്ല. രാജ്യത്തുനിന്ന് ഭീകരവാദം വേരോടെ പിഴുതെറിയുക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. അത് നേടിയെടുക്കുകതന്നെ ചെയ്യും”, അമിത് ഷാ വ്യക്തമാക്കി. അസമിലെ ബോഡോ നേതാവ് ഉപേന്ദ്ര നാഥ് ബ്രഹ്‌മയുടെ പ്രതിമ അനാച്ഛാദനംചെയ്യുന്ന ചടങ്ങിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഹല്‍ഗാം ആക്രമണത്തേക്കുറിച്ചും പരാമര്‍ശിച്ചത്. ചടങ്ങിന് മുന്നോടിയായി പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മൗനം ആചരിക്കുകയുംചെയ്തു.