കൂടിക്കാഴ്ചയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സമയം തേടിയത് അറിഞ്ഞില്ലെന്നും മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ

ന്യൂഡൽഹി: കൂടിക്കാഴ്ചയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സമയം തേടിയത് അറിഞ്ഞില്ലെന്നും മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ ചൂണ്ടിക്കാട്ടി. അടുത്തയാഴ്ച മന്ത്രിയെ കാണുമെന്നും നഡ്ഡ മാധ്യമങ്ങളോട് വ്യക്തമാക്കി. ചൊവ്വാഴ്ചയും, ബുധനാഴ്ചയുമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് വേണ്ടി അനുമതി തേടിക്കൊണ്ടുള്ള കത്ത് മന്ത്രി വീണാ ജോർജ് നൽകിയത്. ആദ്യത്തെ കത്ത് ചൊവ്വാഴ്ച മന്ത്രിയുടെ ഓഫീസ് വഴിയാണ് നൽകിയത്. കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ കത്ത് നൽകിയത്. എന്നാൽ അനുമതി ലഭിക്കുകയുണ്ടായില്ല. അദ്ദേഹത്തിന് എന്തെങ്കിലും തിരക്കായിരിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുന്ന ഘട്ടത്തിൽ വീണ്ടും ഡൽഹിയിലെത്തും എന്നും വീണാ ജോർജ് പ്രതികരിച്ചിരുന്നു. എന്നാൽ ആശമാരുടെ സമരവും മന്ത്രി വീണ ജോർജും കേന്ദ്ര ആരോഗ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ചുയർന്ന വിവാദവും കെസി വേണുഗോപാൽ എംപി ലോക്സഭയിൽ ഉന്നയിച്ചിരുന്നു. സഭക്കുള്ളിൽ വ്യക്തമായ മറുപടി നൽകാതിരുന്ന മന്ത്രി എംപിയെ ചേമ്പറിലേക്ക് ക്ഷണിക്കുകയും വിശദമായി ചർച്ച നടത്താമെന്നുമായിരുന്നു മറുപടി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് എംപിമാർ ഉച്ചയ്ക്ക് ഒരു മണിക്ക് നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം.