കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിക്കാത്തതിനാല്‍ യാത്രാ ദുരിതം കഠിനമാകുന്നു

 കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിക്കാത്തതിനാല്‍ യാത്രാ ദുരിതം കഠിനമാകുന്നു

ചെന്നൈ: കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിക്കാത്തതിനാല്‍ യാത്രാ ദുരിതം കഠിനമാകുന്നു. ഈവര്‍ഷം പാലക്കാട് വഴി കേരളത്തിന്റെ ഇരുഭാഗത്തേക്കും പ്രത്യേക തീവണ്ടികള്‍ അനുവദിച്ചിട്ടില്ല. ഇതാദ്യമായാണ് വേനലവധിക്ക് കേരളത്തിലേക്ക് പാലക്കാട് വഴി പ്രത്യേക തീവണ്ടികള്‍ അനുവദിക്കാതിരിക്കുന്നത്. ഇത് യാത്രക്കാർക്കിടയിൽ വലിയ ബുദ്ധിമുട്ടകളാണ് ഉണ്ടാക്കുന്നത്. തെക്കന്‍ കേരളത്തിലേക്കുള്ള പല തീവണ്ടികളിലും ചില ദിവസങ്ങളില്‍ വെയ്റ്റിങ് ലിസ്റ്റില്‍ പോലും ടിക്കറ്റ് ലഭിക്കാനില്ല. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള മംഗളൂരു മെയില്‍, മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് , മംഗളൂരു-ചെന്നൈ എക്‌സ്പ്രസ് എന്നീ തീവണ്ടികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന്റെ തെക്കന്‍ ഭാഗത്തുനിന്ന് ചെന്നൈയിലേക്കും വന്‍ തിരക്കാണ്. തിരുവനന്തപുരം -ചെന്നൈ മെയില്‍, തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ്, ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ പ്രതിദിന തീവണ്ടികളിലും ജൂണ്‍ 15 വരെയുള്ള ടിക്കറ്റുകള്‍ കിട്ടാനില്ല. എഗ്മോറില്‍നിന്ന് കൊല്ലത്തേക്കുള്ള അനന്തപുരി എക്‌സ്പ്രസ്, എഗ്മോറില്‍നിന്ന് തെങ്കാശി വഴിയുള്ള കൊല്ലം എക്‌സ്പ്രസ് എന്നീ വണ്ടികളിലും വന്‍ തിരക്കാണ്. എല്ലാ വര്‍ഷവും ചെന്നൈയില്‍നിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്കും എറണാകുളം, കൊല്ലം, തിരുവനന്തപുരത്തേക്കും അവധിക്കാല പ്രത്യേക തീവണ്ടികള്‍ അനുവദിക്കാറുണ്ട്. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. എന്തുകൊണ്ട് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിക്കുന്നില്ലെന്ന ചോദ്യത്തിന് പരിഗണനയിലുണ്ടെന്ന മറുപടിയാണ് അധികൃതരില്‍നിന്ന് ലഭിക്കുന്നത്. ചെന്നൈ റെയില്‍വേ ഡിവിഷന്‍ ഓപ്പറേഷന്‍ മാനേജര്‍ യാത്രാ തിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വേ കൊമേഴ്സ്യല്‍ മാനേജര്‍ക്ക് നല്‍കിയാല്‍മാത്രമേ പ്രത്യേക തീവണ്ടികള്‍ പരിഗണിക്കുകയുള്ളു. ചെന്നൈ റെയില്‍വേ ഡിവിഷന്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴും ആവശ്യം പരിഗണനയിലുണ്ടെന്ന് മാത്രമാണ് മറുപടി. മുന്‍ കാലങ്ങളില്‍ പ്രത്യേക തീവണ്ടി ഓടിക്കാന്‍ കോച്ചുകളില്ല, ട്രാക്ക് ഒഴിവില്ല തുടങ്ങിയ കാരണങ്ങളാണ് മുന്നോട്ടുവെക്കാറുള്ളത്. എന്നാല്‍, ഇപ്പോള്‍ രാജ്യത്തെ കോച്ചുഫാക്ടറികളില്‍ ഒരോ വര്‍ഷവും 7000-ത്തോളം കോച്ചുകള്‍ നിര്‍മിക്കുന്നുണ്ട്. അതുപോലെ തീവണ്ടികള്‍ വേഗത്തിലോടിക്കാനായി പാളങ്ങളും ബലപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയില്‍നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള തീവണ്ടികള്‍ ചെന്നൈയില്‍ നിന്ന് ജോലാര്‍പ്പേട്ട വരെ 130 കിലോമീറ്റര്‍വരെയും ജോലാര്‍പ്പേട്ട മുതല്‍ മംഗളൂരുവരെ 110 കിലോമീറ്റര്‍ വേഗത്തിലും ഓടിക്കാം. അതിനാല്‍ ട്രാക്ക് ഒഴിവില്ല, കോച്ചില്ല എന്നീ കാരണങ്ങള്‍ റെയില്‍വേ കാരണമായി പറയുന്നില്ല. കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിസംഘടനകള്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നല്‍കി.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *