നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ സംസ്ഥാനത്തു ഭരണഘടനാസ്തംഭനം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണു തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ സംസ്ഥാനത്തു ഭരണഘടനാസ്തംഭനം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണു തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പഞ്ചാബ് സർക്കാരും സമാന ആരോപണവുമായി നേരത്തേ കോടതിയിലെത്തിയിരുന്നു. നിയമനിർമാണ സഭയെ ‘വീറ്റോ’ ചെയ്യാൻ ഗവർണർക്കാകില്ലെന്നും നിയമനിർമാണസഭകളുടെ സാധാരണ നടപടിക്രമത്തെ തച്ചുടയ്ക്കാൻ ഗവർണർക്കു തന്റെ അധികാരം ഉപയോഗിക്കാനാകില്ലെന്നും 2023 നവംബറിൽ സുപ്രീം കോടതി പഞ്ചാബ് സർക്കാരിന് അനുകൂലമായി വിധിയിൽ പറഞ്ഞ കാര്യങ്ങൾ ഇന്നലെ സുപ്രീം കോടതി ആവർത്തിച്ചു. ഗവർണർമാരുടെ ഭരണഘടനാപരമായ പ്രാധാന്യത്തെ അടിവരയിടുമ്പോൾ തന്നെ പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങളോടും ജനങ്ങളുടെ ഇച്ഛാശക്തിയോടും അർഹമായ ആദരവോടെ പ്രവർത്തിക്കാൻ ഗവർണർമാരോടു ജസ്റ്റിസുമാരായ ജെ.ബി.പർധിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവിൽ ആഹ്വാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതോ ദുർബലപ്പെടുത്തുന്നതോ ആയ പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പും നൽകുകയും ചെയ്യിതു. ‘ഗവർണറുടെ ഓഫിസിനെ ഞങ്ങൾ ദുർബലപ്പെടുത്തുന്നില്ല. പറയുന്നത് ഇത്രമാത്രം; പാർലമെന്ററി ജനാധിപത്യത്തിലെ വ്യവസ്ഥകൾക്കു വിധേയമായി പ്രവർത്തിക്കണം. ജനങ്ങളുടെയും ഇവരോട് ഉത്തരവാദിത്തമുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും ഇച്ഛാശക്തിയെ മാനിക്കണം’ ഗവർണർ ഒരു സുഹൃത്തും വഴികാട്ടിയുമായിട്ടാണു പ്രവർത്തിക്കേണ്ടതെന്നും ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അല്ലെന്നും വിധിയിൽ വ്യക്തമമാക്കി. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാകരുത്, മറിച്ച് അദ്ദേഹം ഏറ്റെടുത്ത ഭരണഘടനാ പദവിയുടെ പവിത്രത കണക്കിലെടുത്താകണമെന്നും വിധിയിലുണ്ട്. രാഷ്ട്രീയ സംഘർഷങ്ങളുടെ ഘട്ടങ്ങളിൽ ഗവർണർ അഭിപ്രായൈക്യത്തിന്റെയും പരിഹാരത്തിന്റെയും ഭാഗമായി പ്രവർത്തിക്കണമെന്നും സംസ്ഥാന ഭരണത്തെ തടസ്സപ്പെടുത്തുന്നതിനു പകരം അതിനെ പിന്തുണയ്ക്കുന്നതിന് അറിവും വിവേചനാധികാരവും ഉപയോഗിക്കണമെന്നുമാണു സുപ്രീം കോടതിയുടെ നിരീക്ഷണം.