മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട് എന്തു ചെയ്താലും അതു കേരളത്തെ തകർക്കുമെന്ന പ്രചാരണം ചിലർ സൃഷ്ടിച്ചിട്ടുണ്ടെന്നു സുപ്രീം കോടതി

മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട് എന്തു ചെയ്താലും അതു കേരളത്തെ തകർക്കുമെന്ന പ്രചാരണം ചിലർ സൃഷ്ടിച്ചിട്ടുണ്ടെന്നു സുപ്രീം കോടതി. ഡാം പരിസരത്തെ മരം മുറിക്കാനും റോഡ് നന്നാക്കാനുമുള്ള അനുമതി ഉൾപ്പെടെ തമിഴ്നാട് ഉന്നയിക്കുന്ന ആവശ്യങ്ങളിലെ തീരുമാനം കൈക്കൊള്ളാൻ സുപ്രീം കോടതി പുതിയ മേൽനോട്ട സമിതിയെ ചുമതലപ്പെടുത്തി. ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ തീരുമാനമാണ് മേൽനോട്ട സമിതി കൈക്കൊള്ളേണ്ടതെന്നും ജഡ്ജിമാരായ സൂര്യകാന്ത്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് കൂട്ടിച്ചേർത്തു. മരം മുറിക്കുന്നത് ഉൾപ്പെടെ ഡാം പരിസരത്ത് തമിഴ്നാട് ആവശ്യപ്പെടുന്ന ഇടപെടലുകൾക്ക് കേരളം അനുമതി നിഷേധിച്ചതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഡാം സുരക്ഷാ അതോറിറ്റിക്കു കീഴിലെ പുതിയ സമിതിക്കാണ് നിലവിൽ ഡാമിന്റെ മേൽനോട്ട ചുമതല വഹിക്കുന്നത്. ഇരു സംസ്ഥാനങ്ങൾക്കും അംഗീകരിക്കാൻ കഴിയുന്ന തീരുമാനമായിരിക്കണം കൈക്കൊള്ളേണ്ടതെന്ന് മേൽനോട്ട സമിതിയോട് ആവശ്യപ്പെട്ട കോടതി, തർക്കം വന്നാൽ തീർപ്പാകേണ്ട വിഷയങ്ങൾ ബെഞ്ചിനു റിപ്പോർട്ടായി നൽകാനും നിർദ്ദേശം നൽകി. തീർപ്പാകാനുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇരുസംസ്ഥാനങ്ങളുടെയും യോഗം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ട കോടതി, ശേഷം രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കാനും നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനുമാണ് നിർദേശിച്ചത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തി. ഇതിനായി ഹർജികൾ ചീഫ് ജസ്റ്റിസിനു വിടുകയാണെന്നും തിരികെ തങ്ങളുടെ ബെഞ്ചിലെത്തിയാൽ മാർച്ച് 5നു പരിഗണിക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി