ശമ്പളത്തില്‍നിന്ന് ആദായനികുതി ഈടാക്കാമെന്ന വിധി ശരിവെച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെയും വൈദികന്മാരുടെയും ശമ്പളത്തില്‍നിന്ന് ആദായനികുതി ഈടാക്കാമെന്ന വിധി ശരിവെച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. വിഷയത്തിലെ മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെച്ച് 2024 നവംബര്‍ ഏഴിന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ചത്. സ്‌കൂളിന് പണം നല്‍കുന്നത് സാലറി ഗ്രാന്റ് എന്ന നിലയ്ക്കാണെന്നും അതിനാല്‍ ടിഡിഎസില്‍നിന്ന് ഒഴിവാക്കേണ്ടതില്ലെന്നുമായിരുന്നു അന്ന് ബെഞ്ച് പറഞ്ഞിരുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധന ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവെച്ച നടപടി പുനഃപരിശോധിക്കാന്‍ വേണ്ടുന്ന സംഗതികളൊന്നും റിവ്യൂ ഹര്‍ജികളില്‍ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി .