വനം പോലെയുള്ള പ്രദേശങ്ങൾ, തരംതിരിക്കാത്തവ, കമ്യൂണിറ്റി വനം എന്നിവയുടെ വിശദമായ ഭൂരേഖ തയാറാക്കുന്നതിനുള്ള വിദഗ്ധസമിതി ഒരു മാസത്തിനുള്ളിൽ രൂപീകരിക്കണമെന്നു സുപ്രീം കോടതി

വനം പോലെയുള്ള പ്രദേശങ്ങൾ, തരംതിരിക്കാത്തവ, കമ്യൂണിറ്റി വനം എന്നിവയുടെ വിശദമായ ഭൂരേഖ തയാറാക്കുന്നതിനുള്ള വിദഗ്ധസമിതി ഒരു മാസത്തിനുള്ളിൽ രൂപീകരിക്കണമെന്നു സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. ഈ സമിതികൾ 6 മാസത്തിനുള്ളിൽ ഭൂരേഖ തയാറാക്കുന്ന നടപടികൾ പൂർത്തിയാക്കണമെന്നും ജഡ്ജിമാരായ ബി.ആർ.ഗവായി, എ.ജി.മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇതിനുള്ള നടപടിക്രമം പൂർത്തിയാക്കി കേന്ദ്ര സർക്കാരിനാണ് റിപ്പോർട്ട് നൽകേണ്ടത്. ഇതു ക്രോഡീകരിച്ചു കേന്ദ്രം സുപ്രീം കോടതിക്കു കൈമാറണം. 2023ലെ വനസംരക്ഷണ നിയമത്തിലെ വിവാദ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. നിർദേശങ്ങൾ സംസ്ഥാനങ്ങൾക്കും കൈമാറാൻ ആവശ്യപ്പെട്ട കോടതി, ഇതു പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി ഉചിതമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നൽകി. കേസ് 6 മാസം കഴിഞ്ഞു പരിഗണിക്കാനായി മാറ്റിവചു. വിദഗ്ധസമിതി രൂപീകരണം ഉൾപ്പെടെ 1996ലെ സുപ്രീം കോടതി ഉത്തരവ് ബംഗാൾ, ലഡാക്ക്, ജമ്മു കശ്മീർ സംസ്ഥാനങ്ങൾ പാലിച്ചിട്ടില്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി. വനസംരക്ഷണ നിയമത്തിലെ 16 (1) പ്രകാരം ഏകീകൃത ഭൂരേഖ തയാറാക്കിയാൽ തന്നെ ഹർജിയിൽ ഉന്നയിക്കപ്പെടുന്ന ഒരുവിധം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന നിരീക്ഷണവും കോടതി നടത്തി.