ലൈസൻസ് ഇല്ലാതെ അനാഥാലയം പ്രവർത്തിക്കുന്നതായി പരാതി

 ലൈസൻസ് ഇല്ലാതെ അനാഥാലയം പ്രവർത്തിക്കുന്നതായി പരാതി

കൊച്ചി: ലൈസൻസ് ഇല്ലാതെ അനാഥാലയം പ്രവർത്തിക്കുന്നതായി പരാതി. എറണാകുളം കാലടിയിൽ സായി ശങ്കര ശാന്തി കേന്ദ്രം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനതിരെയാണ് പരാതി. ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടും വ്യാജ രേഖയുണ്ടാക്കി സ്ഥാപനം പ്രവർത്തിക്കുന്നതായാണ് ആരോപണം. സെപ്റ്റിക് ടാങ്കിൽ നിന്നും മലിനജലം സ്വകാര്യ വഴിയിലേക്ക് ഒഴുകുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഈ പരാതിയുടെ അന്വേഷണത്തിലാണ് സ്ഥാപനത്തിന്റെ ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്ത് വരുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡ് നടത്തിയ പരിശോധനയിൽ സ്ഥാപനം വ്യാജ രേഖയുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു.

സ്ഥാപനത്തിലെ അന്തേവാസികൾ അടക്കം സ്ഥാപന നടത്തിപ്പുകാരനെതിരെ പരാതിയുമായി രംഗത്തുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാലടി എസ്എച്ച്ഒ അന്വേഷണം നടത്തി പെരുമ്പാവൂർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട അംഗീകാരം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഒരു തരത്തിലുള്ള രേഖകളും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥാപനത്തിലെ അന്തേവാസിയായ വയോധികയ്‌ക്കെതിരെ സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ മോശമായ് പെരുമാറിയതായി പരാതി ലഭിച്ചിരുന്നതിനാൽ കേസെടുത്തിരുന്നു. കാലടി പോലീസ് സ്റ്റേഷനിലാണ് സ്ഥാപന ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്ഥാപനത്തിന്റെ അംഗീകാര സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിയതായി ഓർഫനേജ് കൺട്രോൾ ബോർഡ് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. സർട്ടിഫിക്കറ്റിന്റെ അംഗീകാര കാലാവധിയിൽ കൃത്രിമം കാട്ടിയതായിട്ടായിരുന്നു കണ്ടെത്തൽ. ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രം അർഹതപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾ വ്യാജ രേഖയുണ്ടാക്കി കൈപ്പറ്റിയതായും ബോർഡ് വിലയിരുത്തി. അംഗീകാരത്തിന്റെ കാലാവധി കഴിഞ്ഞിട്ടും സബ്‌സിഡി നിരക്കിലുള്ള വൈദ്യുതി, റേഷൻ എന്നിവ കൈപ്പറ്റിയിരുന്നതായായിരുന്നു ബോർഡിന്റെ കണ്ടെത്തൽ. മാത്രമല്ല അനധികൃതമായി പണം ഈടാക്കിയാണ് താമസിക്കുവാനുള്ള പ്രവേശനം നല്കിയിരുന്നതെന്നും പരിശോധനയിൽ നിന്നും ബോർഡിന് വ്യക്തമായി. ഇത് ചട്ട ലംഘനമായിരുന്നു.

തുടർന്ന് സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ബോർഡ് തീരുമാനിച്ചിരുന്നു. 2023 മുതൽ അംഗീകാരമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് കണ്ടെത്തിയത്. ഈ കാലയളവിൽ സർക്കാരിന്റെ ഖജനാവിന് തന്നെ നഷ്ടം വരുത്തുന്ന തരത്തിൽ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ബോർഡ് അംഗങ്ങൾ തീരുമാനിച്ചിരുന്നു. സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കിയതുൾപ്പെടെയുള്ള വിവരങ്ങൾ സർക്കാർ അധികാരികളെയും, സാമൂഹിക നീതി വകുപ്പ് ഡയറക്ടറെയും ബോർഡ് അറിയിച്ചു. രേഖകൾ പരിശോധിച്ചതിൽ നിന്നും വൻ ക്രമക്കേടുകളാണ് ഓർഫനേജ് കൺട്രോൾ ബോർഡ് കണ്ടെത്തിയത്.

സ്ഥാപനത്തിന്റെ രേഖകൾ പരിശോധിച്ചതിൽ നിന്നും സർക്കാർ ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, റേഷനിംഗ് ഇൻസ്പെ ക്ടർ എന്നിവരുടെ സേവനങ്ങൾ ലൈസൻസ് കാലാവധി കഴിഞ്ഞതിന് ശേഷവും ലഭ്യമായിരുന്നതായി ബോർഡ് കണ്ടെത്തിയിരുന്നു.

സായി ശങ്കരയ്ക്ക് പുറമെ സായി കേശവം, സായി മാധവം എന്നീ രണ്ട് സ്ഥാപനങ്ങൾ കൂടി ശ്രീനിവാസൻ എന്നയാൾ കാലടിയിൽ തന്നെ തുടങ്ങിയിട്ടുണ്ട്. 3 സ്ഥാപനങ്ങൾക്കും അംഗീകാരം നൽകിയിട്ടില്ല. കാലടി പഞ്ചായത്തിൽ അംഗീകാരമില്ലാതെ 3 വയോജന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് പഞ്ചായത്ത് നിശബ്ദമായി നോക്കി നിൽക്കുകയാണ്.

സായി ശങ്കര വയോജന കേന്ദ്രത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്ന കിണറിന് തൊട്ടടുത്തു തന്നെ സെപ്റ്റിക് ടാങ്ക് ആയിരുന്നു. കക്കുസ് മാലിന്യം പ്രസ്തുത കിണറിൽ കലരുകയും നിരവധി അന്തേവാസികൾ ഭക്ഷ്യ വിഷബാധമൂലം ആശുപത്രിയിൽ അഡ്മിറ്റ്‌ ആവുകയും തുടർന്ന്, മലിനജലം ഒഴുക്കി ഉപയോഗ്യശൂന്യമാക്കിയ പ്രസ്തുത കിണർ ഇപ്പോൾ ഉപയോഗിക്കാതാവുകയും മറിച്ച് മലിനജലം സ്ഥാപനത്തിന്റെ കാർ പോർച്ചിലുള്ള ഈ കിണറിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ അടുത്തുള്ള ഒരു വീട്ടിലെ കിണറിൽ നിന്നാണ് ആവശ്യമായ വെള്ളം എടുക്കുന്നത്.

സെപ്റ്റിക് ടാങ്ക് പിന്നീട് നിറഞ്ഞപ്പോൾ ഒരു അർധരാത്രി സമയത്ത് സമീപത്തുള്ള വീടുകൾക്ക് ഇടയിലുള്ള ഒഴിഞ്ഞ പറമ്പിലേക്ക് സെപ്റ്റിക് ടാങ്കിലെ മലിന ജലം ഒഴുക്കുക്കുവാൻ സ്ഥാപന ഉടസ്ഥൻ ശ്രീനിവാസൻ എന്നയാൾ ശ്രമിക്കുകയുണ്ടായി. എന്നാൽ അടുത്തുള്ള വീട്ടുകാർ ഉണർന്നതിനാൽ പമ്പിങ് നിർത്തേണ്ടി വന്നു. ഒരു ഓട്ടോ റിക്ഷയിൽ കൊണ്ട് വന്ന മോട്ടോർ പമ്പ് തിരിച്ചു കൊണ്ടു പോകേണ്ടതായും വന്നു.

നിലവിലെ റോഡ് കൈയ്യേറി സ്ഥാപനം പണിതിട്ടും കാലടി പഞ്ചായത്തിൽ പരാതി കൊടുത്തിട്ടും പഞ്ചായത്ത് ഒരു നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ല.

നേരത്തെ, മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ പരാതി ഉയർന്നിരുന്നു. തുടർന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപനത്തിൽ പരിശോധന നടത്തി ചില നിർദ്ദേശങ്ങളും നൽകിയിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പാലിക്കാൻ സ്ഥാപനത്തിന്റെ അധികാരികൾക്കായിട്ടില്ല.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *