ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി

ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി. ഏപ്രിൽ ഒന്നിന് നടന്ന ഫുൾ കോർട്ട് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സുപ്രീം കോടതിയിലെ 33 സിറ്റിങ് ജഡ്ജിമാരും ഇത്തരത്തിൽ സ്വത്തുവിവരം ചീഫ് ജസ്റ്റിസിന് കൈമാറും. തുടർന്ന്, ഈ രേഖകൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഭാവിയിലും ഈ നടപടി തുടരും. ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയുടെ വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം. ജഡ്ജിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തേണ്ട നിർദിഷ്ട രീതികളടക്കം വരും ദിവസങ്ങളിൽ അന്തിമമാകും. നിലവിൽ, സുപ്രീം കോടതിയിലെ ജഡ്ജിമാർ തങ്ങളുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താറുണ്ടെങ്കിലും ഇത് പരസ്യമാക്കിയിരുന്നില്ല. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ നിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയതിന് പിന്നാലെ ജുഡീഷ്യറിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്ന സാഹചര്യം ഉയർന്നുവെന്നാണ് വിലയിരുത്തൽ.