ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്

 ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍ ലഭിക്കുക. ഏറെനേരം സമുദ്രാന്തര്‍ഭാഗത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള അന്തര്‍വാഹിനികളാണ് നാവികസേന ആവശ്യപ്പെട്ടിരുന്നത്. ഇതിലേക്കായി സ്‌പെയിന്‍ ആസ്ഥാനമായ നവന്തിയ എന്ന പ്രതിരോധ കമ്പനിയും ഇന്ത്യന്‍ കമ്പനിയായ എല്‍.ആന്‍ഡ്.ടിയും ചേര്‍ന്നുള്ള സംരംഭം കരാര്‍ ലഭിക്കാന്‍ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ നവന്തിയ മുന്നോട്ടുവെച്ച എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യയേക്കാള്‍ നാവികസേനയ്ക്ക് ബോധിച്ചത് ജര്‍മ്മന്‍ കമ്പനിയുടെ സാങ്കേതിക വിദ്യയാണ്. പ്രോജക്ട് 75ഐ എന്ന പദ്ധതി പ്രകാരമാണ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുക. പ്രതിരോധമന്ത്രാലയം അന്തര്‍വാഹിനി ഇടപാടിനായി നിശ്ചയിച്ചിരുന്നത് 43,000 കോടിരൂപ ആയിരുന്നു. എന്നാല്‍ ജര്‍മ്മന്‍കമ്പനിയുടെ സാങ്കേതികവിദ്യ പ്രകാരം അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കണമെങ്കില്‍ ഏതാണ്ട് 70,000 കോടിരൂപയാകുമെന്നാണ് വിലയിരുത്തല്‍. കരയാക്രമണത്തിനുള്ള ശേഷി, കപ്പലുകളെ ആക്രമിക്കല്‍, അന്തര്‍വാഹിനികളെ ആക്രമിക്കല്‍, രഹസ്യവിവര ശേഖരണം എന്നിവ നടപ്പിലാക്കല്‍ തുടങ്ങിയവയാണ് നാവികസേന അന്തര്‍വാഹിനിയുടെ സവിശേഷതകളായി ആവശ്യപ്പെട്ടിരുന്നത്. ഇതിനൊപ്പം അന്തര്‍വാഹിനികള്‍ ആധുനിക എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാകണമെന്നും നാവികസേന നിഷ്‌കര്‍ഷിച്ചിരുന്നു. നിലവില്‍ ജര്‍മ്മന്‍ നാവികസേനയ്ക്കായി നിര്‍മിച്ചിട്ടുള്ള ടൈപ്പ് 214 ക്ലാസില്‍ പെടുന്ന അന്തര്‍വാഹിനിയായിരിക്കും ഇന്ത്യയ്ക്കായി നിര്‍മിക്കുക. ഇവ ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യും. കടലില്‍ പരമാവധി ശത്രുക്കളുടെ കണ്ണില്‍പെടാതെ സഞ്ചരിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍. പരമ്പരാഗത ഡീസല്‍ എന്‍ജിന്‍ അന്തര്‍വാഹിനികള്‍ക്ക് ഓക്ജിന്‍ ശേഖരിക്കാനും ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനും ഇടയ്ക്കിടെ ജലോപരിതലത്തിലേക്ക് ഉയര്‍ന്നു വരേണ്ടിവരും. ഇത് അന്തര്‍വാഹിനികളെ കണ്ടെത്തുന്നത് എളുപ്പമാക്കും. എന്നാൽ ജലോപരിതലത്തിലേക്ക് ഉയര്‍ന്നുവരുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം സഹായിക്കും. നവന്തിയയും ഈ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ ഇവരുടേതായി പ്രവര്‍ത്തനത്തിലുള്ള ഇതേ സാങ്കേതികവിദ്യയുപയോഗിക്കുന്ന അന്തര്‍വാഹിനി നിലവിലില്ല. അതേസമയം ജര്‍മ്മന്‍ കമ്പനിയുടേത് അവരുടെ നാവികസേനയുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഇതാണ് ജര്‍മ്മന്‍ കമ്പനിയുടെ സാങ്കേതികവിദ്യയാണ് അനുയോജ്യമായതെന്ന് വിലയിരുത്താന്‍ കാരണം. ദക്ഷിണ കൊറിയ, ഗ്രീസ്, പോര്‍ച്ചുഗല്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇതേ മോഡല്‍ അന്തര്‍വാഹിനികള്‍ ഉപയോഗിക്കുന്നുണ്ട്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *