കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ തീരുമാനമെടുത്തു

 കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ തീരുമാനമെടുത്തു

ചെന്നൈ: കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ തീരുമാനമെടുത്തു. മുൻപ് നിശ്ചയിച്ചപ്രകാരം ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനസർക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടിയെന്ന് ദക്ഷിണറെയിൽവേ വ്യക്തമാക്കി .കേരളത്തിലെ തിരക്കേറിയ 126 റെയിൽവേ ക്രോസിങ്ങുകളിൽ മേൽപ്പാലനിർമാണത്തിന് നേരത്തേ അനുമതിയായതാണ്. സംസ്ഥാനസർക്കാരും റെയിൽവേയും നിർമാണച്ചെലവ് തുല്യമായി പങ്കിടുകയെന്നതാണ് സാധാരണ രീതി. മേൽപ്പാലം നിർമിക്കാൻവേണ്ട സ്ഥലം എടുത്തു നൽകാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. കെആർഡിസിഎൽ അഥവാ കെ-റെയിലിനായിരുന്നു ഇവയുടെ നിർമാണച്ചുമതല. എന്നാൽ, ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനസർക്കാരിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പ്രധാനപ്പെട്ട 55 മേൽപ്പാലങ്ങളുടെ മുഴുവൻ ചെലവും റെയിൽവേ വഹിക്കുന്നതെന്നും ദക്ഷിണ റെയിൽവേ കൂട്ടിച്ചേർത്തു. ഈ മേൽപ്പാലങ്ങളിൽ 18 എണ്ണത്തിന്റെ പ്രവൃത്തിയേ തുടങ്ങിയിട്ടുള്ളൂ. നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കി 37 എണ്ണത്തിന്റെ ഭൂമിയേറ്റെടുക്കൽ നടപടി ഇനിയും പൂർണ്ണമായിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. അനുമതി ലഭിച്ച 65 മേൽപ്പാലങ്ങൾ ഇതിനു പുറമേയുണ്ട്. ഫണ്ടിന്റെ പരിമിതിയും സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതുമാണ് ഇവയുടെ നിർമാണത്തിന് തടസ്സമാകുന്നത്. സംസ്ഥാനസർക്കാരും കെ-റെയിലും മുൻകൈയെടുത്താലേ ഇവ യാഥാർഥ്യമാവൂ എന്ന് റെയിൽവേ വ്യക്തമാക്കി.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *