അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ പിന്നാക്ക-ദളിത്-ന്യൂനപക്ഷ വോട്ടുകൾ തിരികെപ്പിടിക്കണമെന്ന് രാഹുൽഗാന്ധി

Congress leader Rahul Gandhi
കേന്ദ്രത്തില്‍ അധികാരത്തില്‍ തിരികെയെത്താന്‍, സാമൂഹിക നീതി ഉന്നയിച്ച് സോഷ്യലിസ്റ്റുകള്‍ കവര്‍ന്നെടുത്ത പിന്നാക്ക-ദളിത്-ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കണമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനം. ചൊവ്വാഴ്ച സര്‍ദാര്‍ പട്ടേല്‍ സ്മാരകത്തില്‍ ചേര്‍ന്ന വിപുലമായ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച കരടു പ്രമേയം അംഗീകരിച്ചു. ബുധനാഴ്ച സബര്‍മതി തീരത്ത് ചേരുന്ന എഐസിസി സമ്മേളനം ന്യായപഥ് പ്രമേയം പാസാക്കും. ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഇന്ദിരയുടെയും കാലം മുതല്‍ ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായിരുന്നുവെന്ന് സമാപന പ്രസംഗത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവുകൂടിയായ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാൽ ഈ വിഭാഗങ്ങളില്‍ വലിയൊരുഭാഗമിപ്പോള്‍ പാര്‍ട്ടിക്കൊപ്പമില്ല. മുന്നാക്കവിഭാഗത്തില്‍ മുഴുവന്‍ പേരും ഒരു കാലത്തും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നില്ല. അതിനാല്‍ ഒപ്പമുണ്ടായിരുന്ന പിന്നാക്കക്കാരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ തയ്യാറാക്കണം. അവരുടെ വിശ്വാസം ആര്‍ജിക്കണം. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തൊന്നും ഒബിസി, ദളിത് വിഭാഗങ്ങളില്ല. അവരുടെ അവകാശത്തിനു വേണ്ടി സംസാരിക്കണം. ന്യൂനപക്ഷാക്രമണം കൂടിയിരിക്കയാണിപ്പോള്‍. വഖഫിലൂടെ മുസ്ലിങ്ങള്‍ക്കെതിരേ തുടങ്ങിയ ആക്രമണം ഇനി ക്രിസ്ത്യന്‍ സമുദായങ്ങളിലേക്കും വരുമെന്നും അതിനാല്‍ ന്യൂനപക്ഷ സംരക്ഷണത്തില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. സാമൂഹിക നീതിയാണ് കോണ്‍ഗ്രസ്സിന്റെ ആശയാടിസ്ഥാനമെന്ന് കരടുപ്രമേയത്തില്‍ . അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും പിന്നാക്കക്കാരുമായവരെ ഒഴിവാക്കി ഒരു രാജ്യത്തിനും അഭിവൃദ്ധി പ്രാപിക്കാനാവില്ല. 1951-ല്‍ സംവരണം സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍, ജവഹര്‍ലാല്‍ നെഹ്രുവാണ് ആദ്യഭരണഘടനാഭേദഗതിയിലൂടെ അനുച്ഛേദം 15 ഉള്‍പ്പെടുത്തി അടിസ്ഥാനാവകാശങ്ങളില്‍ സംവരണം കൊണ്ടുവന്നത്. 1993 സെപ്റ്റംബറില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒബിസികള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തി.