എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് യാത്രചെയ്തവർ കുടുങ്ങി

കുമ്പള: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്താൻ സ്ഥാപിച്ച എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് യാത്രചെയ്തവർ കുടുങ്ങി. കുമ്പളയിൽ 350 പേർക്കാണ് 7,500 രൂപ മുതൽ 40,000 രൂപ വരെ പിഴയടയ്ക്കാൻ മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചത്. 2023 ജനുവരി മുതൽ 2025 മേയ് 31 വരെയുള്ള കാലയളവിലാണിത്. കുമ്പള നഗരത്തിൽ അനിൽ കുമ്പള റോഡിനടുത്താണ് ക്യാമറ. കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിൽ പതിവായി സഞ്ചരിക്കുന്നവരാണ് ക്യാമറയിൽ പതിഞ്ഞത്. ക്യാമറ സ്ഥാപിച്ചതേയുള്ളൂവെന്നും പ്രവർത്തനക്ഷമമായിട്ടില്ലെന്നും കുമ്പളയിലും പരിസരപ്രദേശങ്ങളിലും പ്രചാരണമുണ്ടായിരുന്നു. ‘പ്രവർത്തനക്ഷമമാണെങ്കിൽ പിഴയടയ്ക്കാൻ നോട്ടീസ് വരുമായിരുന്നല്ലോ’യെന്നും ആളുകൾ പറഞ്ഞു. ഈ ധാരണയിൽ കുമ്പള, ശാന്തിപള്ളം, ഭാസ്കര നഗർ, നാരായണമംഗലമുൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിലെ യുവാക്കളുൾപ്പെടെയുള്ളവർ ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും പലപ്രാവശ്യം ഇരുവശത്തേക്കും യാത്രചെയ്തു. ഇവർക്കാണ് ഭീമമായ തുകയുടെ നോട്ടീസ് വന്നത്. നിയമലംഘനം നടന്നയുടൻ സന്ദേശം ലഭിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്ന് അവർ പറഞ്ഞു. നോട്ടീസ് കിട്ടിയവർ വാട്സാപ്പ് കൂട്ടായ്മയ്ക്കും രൂപം നൽകി. തിങ്കളാഴ്ചവരെ 350 പേർ അംഗങ്ങളായി. കുമ്പളയിലെ പ്രമുഖ രാഷ്ട്രീയനേതാക്കളും നോട്ടീസ് കിട്ടയവരിൽ ഉണ്ട്. പരാതിയുള്ളവർക്ക് അപേക്ഷ നൽകി പിഴത്തുകയുടെ കൃത്യത പരിശോധിക്കാമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.