പഹല്‍ഗാം ഭീകരാക്രമണം: പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളോട് നടത്തുന്ന പ്രതികരണങ്ങള്‍ വ്യക്തിപരം ; ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളോട് നടത്തുന്ന പ്രതികരണങ്ങള്‍ വ്യക്തിപരമാണെന്നും അവ പ്രതിഫലിപ്പിക്കുന്നത് പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ലെന്നും പാര്‍ട്ടി വക്താവ് ജയ്‌റാം രമേശ് വ്യക്തമാക്കി. പഹല്‍ഗാമുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടേത് ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും പ്രതികരണങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ച പശ്ചാത്തലത്തിലാണ് ജയ്‌റാം രമേശിന്റെ പ്രതികരണം. ഏപ്രില്‍ 24-ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുകയും പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അന്ന് വൈകുന്നേരം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷനും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും പങ്കെടുക്കുകയും പാര്‍ട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ചില കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോടു സംസാരിക്കുന്നുണ്ട്. അവര്‍ പങ്കുവെക്കുന്നത് അവരുടെ കാഴ്ചപ്പാടാണ്, അല്ലാതെ പാര്‍ട്ടിയുടേതല്ല, ജയ്‌റാം രമേശ് സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പില്‍ കൂട്ടിച്ചേർത്തു. സിദ്ധരാമയ്യയെ കൂടാതെ, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് വിജയ് വഡേറ്റിവാര്‍, കര്‍ണാടക മന്ത്രി ആര്‍.ബി. തിമ്മാപുര്‍, വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര തുടങ്ങിയവരും പഹല്‍ഗാമുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. രാജ്യം ഒരേസ്വരത്തില്‍ പ്രതികരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന് മുന്നില്‍ രാജ്യത്തെ അപമാനിക്കുകയാണെന്ന് രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.