കളമശേരി പോളിടെക്‌നിക്കിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്

കളമശേരി പോളിടെക്‌നിക്കിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് . എസ്എഫ്ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും ഉൾപ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്നും സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും നടക്കുന്ന ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്എഫ്ഐ മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലഹരി മാഫിയ കേരളത്തിൽ അവരുടെ നെറ്റ് വർക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ സിപിഎം നേതൃത്വവും സർക്കാരും കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ അപകടത്തിലേക്ക് പോകുമെന്നും വി.ഡി.സതീശൻ മുന്നറിയിപ്പ് നൽകി. ‘‘പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥന്റെ കൊലപാതകത്തിന് പിന്നിലും ലഹരി സംഘം പ്രവർത്തിച്ചിട്ടുണ്ട്. അതിൽ എസ്എഫ്ഐ നേതാക്കളുമുണ്ട്. കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങിലും എസ്എഫ്ഐ ഉണ്ട്. കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ പരിശോധന നടത്തുമ്പോൾ അവിടെ പഠിക്കാത്ത എസ്എഫ്ഐ നേതാക്കൾ വന്നു ബഹളമുണ്ടാക്കി. പഠിച്ച് കഴിഞ്ഞു പോയവരും ഹോസ്റ്റലിൽ തമ്പടിക്കുകയാണ്. ലഹരിമരുന്നിനു പണം നൽകിയില്ലെങ്കിൽ കുട്ടികളെ റാഗ് ചെയ്യുകയാണ്. പ്രതിപക്ഷം ഇക്കാര്യത്തിൽ നേരത്തെ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്ന സംഭവമാണ് കളമശേരിയിൽ നടന്നത്.’’ – പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ‘‘അളവ് കുറഞ്ഞതിന്റെ പേരിൽ ചില പ്രതികളെ വിട്ടയച്ചിട്ടുണ്ട്. രണ്ട് കിലോ കഞ്ചാവാണ് ഹോസ്റ്റലിൽനിന്നു പിടിച്ചെടുത്തത്. യൂണിയൻ ഭാരവാഹികൾ വരെ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കിൽ എസ്എഫ്ഐയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ പൂക്കോട് ഉൾപ്പെടെ എല്ലായിടത്തും ഇതാണ് സംഭവിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഭിന്നശേഷിക്കാരനായ വിദ്യാർഥിയോടാണ് കൊടിമരത്തിൽ കയറി കൊടി കെട്ടാൻ പറഞ്ഞത്. അതിനു തയാറാകാതെ വന്നപ്പോൾ യൂണിയൻ മുറിയിൽ കൊണ്ടുപോയി മർദിച്ചു. എല്ലായിടത്തും എസ്എഫ്ഐ ആണ് ലഹരിമരുന്നിനു പിന്തുണയാണ് നൽകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി.