വിഷന്‍ 2031 സെമിനാർ : പുതിയ പദ്ധതികളുമായി ഗതാഗത വകുപ്പ്

 വിഷന്‍ 2031 സെമിനാർ : പുതിയ പദ്ധതികളുമായി ഗതാഗത വകുപ്പ്

വിഷന്‍ 2031 ന്റെ ഭാഗമായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പാനല്‍ ചര്‍ച്ചകളുടെ സമാഹരണം നടത്തി.

റോഡ്, മെട്രോ, ജലഗതാഗതം എന്നിവയെ പരസ്പരം ബന്ധിച്ച് ഒറ്റ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു . ഒറ്റ ടിക്കറ്റെടുക്കുന്ന വ്യക്തിക്ക് ഈ മൂന്ന് സൗകര്യവും ഉപയോഗിക്കാനാകുമെന്നും പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച് ട്രാന്‍സ്പോര്‍ട്ട് ഹബിന്റെ സാധ്യത പരിശോധിക്കും. നിലവില്‍ എറണാകുളം വൈറ്റില ഹബില്‍ കാര്യക്ഷമമായി ഇത് പ്രവര്‍ത്തിക്കുന്നു. ദേശീയ പാതയരോങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെ കൈവശമുള്ള സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ കണ്ടെയ്നറുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ക്കായി പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കും.

എന്‍ഫോഴ്സമെന്റ് ഏജന്‍സികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കെഎസ്ആര്‍ടിസിയലടക്കം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. റോഡിന്റെ വശങ്ങളിലെ നടപ്പാതകളില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കും. വാഹനയാത്രക്കാര്‍ക്ക് മാത്രമല്ല കാല്‍നട യാത്രികര്‍ക്കും പരിഗണനയുണ്ട്.

അനധികൃത പാര്‍ക്കിങ്ങിനെ പറ്റി ചര്‍ച്ചയില്‍ പരാതി ഉയര്‍ന്നു. മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് സമുച്ചയമാണ് ആവശ്യം. സ്ഥലം പരിമിതി മൂലം ലിഫ്റ്റ് വഴി വാഹനങ്ങളെ ഉയര്‍ത്തി പാര്‍ക്കിങ്ങ് ഏര്‍പ്പാടാക്കും. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. ട്രാവല്‍ പ്ലാന്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മറ്റു സംസ്ഥാനങ്ങളുമായി ബന്ധിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ മെച്ചപ്പെടുത്തും. ആവശ്യക്കാര്‍ ഏറെയുള്ള ഓണം പോലുള്ള ആഘോഷ വേളയില്‍ കൂടുതല്‍ വാഹനങ്ങള്‍ ഓടിക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ സൗരോര്‍ജ പദ്ധതിയുടെ സാധ്യത പരിശോധിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്വന്തം കെട്ടിടത്തിന്റെ മുകളിലും സ്ഥാപിക്കും.

കണ്ടെയ്നര്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നു. വിദഗ്ധ പരിശീലനം ഇവര്‍ക്ക് ആവശ്യമാണ്. മലിനീകരണം തടയാന്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ആദ്യ റോ-റോ ബോട്ട് ജലഗതാഗത വകുപ്പ് വൈകാതെ അവതരിപ്പിക്കും. ജലഗതാഗത മേഖലയിലെ ടൂറിസം സാധ്യതകളും ചര്‍ച്ചയില്‍ വന്നു. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിനൊപ്പം ജലഗതാഗതം പ്രോല്‍സാഹിപ്പിക്കും. കുട്ടനാടടക്കം ഇതിന് വലിയ സാധ്യതയുണ്ട്. കെഎസ്ആര്‍ടിസി നടപ്പാക്കിയ ചലോ ആപ്പ്, ട്രാവല്‍ കാര്‍ഡ് പദ്ധതി തുടങ്ങിയവ ജലഗതാഗത മേഖലയിലും വ്യാപിപ്പിക്കും.

തീര്‍ത്ഥാടന ടൂറിസം പദ്ധതി ഗതാഗതവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കും. സംസ്ഥാനത്തെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സഞ്ചാരികള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക ക്യൂവും വഴിപാടിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. പാപ്പനംകോട് കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിനോട് ചേര്‍ന്ന് വാഹന മ്യൂസിയം നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ഗതാഗത ചരിത്രം വിളിച്ചോതുന്നതായിരിക്കും മ്യൂസിയം. പഴക്കവും പ്രാധാന്യവുമുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കും.

അപകടമില്ലാതെ റോഡ് നിര്‍മിക്കുന്നതിന് വിദഗ്ധരെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കും. എഞ്ചിനീയറിംഗ് കോളജുകളില്‍ ഇതിനായി പ്രത്യേക കോഴ്സ് ആരംഭിക്കും. തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ അത്യാധുനിക സൗകര്യങ്ങളുള്ള എക്സിക്യൂട്ടീവ് ബസ് സര്‍വീസ്, കാന്‍സര്‍ രോഗികള്‍ക്കായി ഹാപ്പി ലോങ് ലൈഫ് കാര്‍ഡ് തുടങ്ങിയവ ഏര്‍പ്പെടുത്തും.

പൊലിസ് സ്റ്റുഡന്റ് കേഡറ്റ്, എന്‍സിസി മാതൃകയില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി കേഡറ്റ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. നിലവില്‍ മാവേലിക്കരയില്‍ ഇത് വിജയകരമായി നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് ട്രാഫിക്ക് ബോധവല്‍ക്കരണം നല്‍കുകയും ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പ്രാപ്തരാക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *