ഓഹരിവിപണിയിലെ മുന്നേറ്റം; രാജ്യത്തിന്റെ പക്വതയുടെ പ്രതീകമാണെന്ന് ധനമന്ത്രി

മുംബൈ: ഓഹരിവിപണിയിൽ കഴിഞ്ഞ 5വർഷത്തിനിടെയുണ്ടായ മുന്നേറ്റം രാജ്യത്തെ സാമ്പത്തികസ്ഥിതി പക്വതയാർജിക്കുന്നതിന്റെ പ്രതീകമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ നിക്ഷേപത്തിന് ആഭ്യന്തര നിക്ഷേപകരും വിദേശ നിക്ഷേപകരും കൂടുതലായെത്തുന്നു. ഇത് വിപണിയുടെ കരുത്ത് വർധിപ്പിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. മുംബൈയിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 150-ാം വാർഷികാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബിഎസ്ഇയിലെ ഓരോ നാഴികക്കല്ലുകളും എടുത്തുപറഞ്ഞാണ് ധനമന്ത്രി സംസാരിച്ചത്. രാജ്യത്ത് വ്യാപാരം നടന്ന് പിറ്റേന്ന് ഇടപാടുകൾ പൂർത്തിയാക്കാനുള്ള സാങ്കേതികവിദ്യ നടപ്പാക്കിക്കഴിഞ്ഞു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇനിയും ഈ സൗകര്യമായിട്ടില്ലെന്ന് അടുത്തിടെ അവിടെനടന്ന ചടങ്ങിൽ അധികൃതർ സൂചിപ്പിച്ചതായി മന്ത്രി വ്യക്തമാക്കി. ഏറെ അഭിമാനനിമിഷമാണിത്. ഇതിന് നേതൃത്വംനൽകിയവരെ അഭിനന്ദിക്കുന്നു. 1875-ലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് തുടക്കമായത്. പ്രധാന 30 ഓഹരികളെ അടിസ്ഥാനമാക്കി ‘സെൻസിറ്റീവ് ഇൻഡെക്സ്’ ആയി സെൻസെക്സ് സൂചിക കൊണ്ടുവന്നത് 1986-ലാണ്. 550 പോയിന്റിലായിരുന്നു തുടക്കം. 2025 ജൂലായിൽ ഇത് 80,000 പോയിന്റ് പിന്നിട്ടു. ഒരു ദിവസം 1500 കോടി ഓർഡറുകളാണ് ബിഎസ്ഇയിൽ നടക്കുന്നത്. ഒരു സെക്കൻഡിൽ 40 ലക്ഷം ഓർഡർ കൈകാര്യംചെയ്യുന്നു. പുറത്തുനിന്നുള്ള ആഘാതങ്ങളെ ഉൾക്കൊള്ളാനാകുംവിധം നിയന്ത്രണങ്ങളും പ്രവർത്തന മാർഗരേഖയും വിപണിയെ കരുത്തുറ്റതാക്കുന്നു. മ്യൂച്വൽഫണ്ടുകൾ ശക്തമാകുന്നത് ഇന്ത്യൻവിപണിയുടെ കരുത്തിന്റെ സൂചനയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2024-25 സാമ്പത്തികവർഷം ഇന്ത്യൻ വിപണിയിലെ മൊത്തം വിപണിമൂല്യം 5ലക്ഷംകോടി ഡോളറെന്ന നാഴികക്കല്ലുപിന്നിട്ടു. ഇതോടെ ലോകത്തെ അഞ്ചാമത്തെ വലിയ വിപണിയായി ഇന്ത്യ മാറി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഡോളറിന്റെ വില ക്രമീകരിച്ചശേഷം 131 ശതമാനം നേട്ടമാണ് ഇന്ത്യൻ വിപണിയിൽനിന്ന് നിക്ഷേപകർക്ക് ലഭിച്ചത്. ലോകത്തുതന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2000-ത്തിൽ ഒരു ലക്ഷംകോടി രൂപയ്ക്കുമുകളിൽ മൂല്യമുള്ള ഒരു കമ്പനി മാത്രമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. കോവിഡിനുതൊട്ടുമുമ്പിത് 30 എണ്ണമായി. എന്നാൽ ഇപ്പോഴിത് 81 എണ്ണമാണ്. രാജ്യത്ത് നിക്ഷേപ അക്കൗണ്ടുകൾ 22 കോടി പിന്നിട്ടു. നിക്ഷേപകരുടെ ശരാശരി പ്രായം 32 വയസ്സാണ്. നാലിൽ ഒരാൾ സ്ത്രീയാണ്. ഇത് യുവാക്കൾക്കും സ്ത്രീകൾക്കും ഇന്ത്യൻ വിപണിയിൽ വിശ്വാസം ഉയരുന്നതിന്റെ സൂചനയാണ്. ഇത് കാത്തുസൂക്ഷിച്ച് പരിപോഷിപ്പിക്കേണ്ടതുണ്ട്. ഇവരുടെ വിശ്വാസവും വിപണിയുടെ വിശ്വസ്തതയും മുന്നോട്ടുള്ള വളർച്ചയിൽ നിർണായകമാണ്.