നവജാതശിശുക്കളെ കടത്തിയാൽ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കണമെന്നു സുപ്രീം കോടതി

 നവജാതശിശുക്കളെ കടത്തിയാൽ ആശുപത്രികളുടെ ലൈസൻസ്  റദ്ദാക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി: നവജാതശിശുക്കളെ കടത്തുന്നുവെന്നു കണ്ടെത്തിയാൽ ഉടൻ തന്നെ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കണമെന്നു സുപ്രീം കോടതി. നിയമപരമായ മറ്റു നടപടികൾക്കു പുറമേയാണിത്. നവജാതശിശുവിനെ സംരക്ഷിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ തുടങ്ങിയവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ കുട്ടികളെ കടത്തിക്കൊണ്ടുപോയ വിവിധ കേസുകളിലെ 13 പ്രതികൾക്കു നൽകിയ ജാമ്യം റദ്ദാക്കിക്കൊണ്ടാണു കോടതിയുടെ ഈ നിരീക്ഷണം. ഇവർ ഉടൻ തന്നെ കീഴടങ്ങണമെന്നും നിർദേശിച്ചു. പ്രതികൾക്കു ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതിയെയും ഇതിനെതിരെ അപ്പീൽ നൽകാത്ത ഉത്തർപ്രദേശ് സർക്കാരിനെയും കോടതി വിമർശിച്ചു. പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥ പോലും ഹൈക്കോടതി വച്ചില്ലെന്നും വ്യക്തമാക്കി. കടത്തിക്കൊണ്ടുവരുന്ന നവജാതശിശുക്കളെ 10 ലക്ഷം രൂപയ്ക്കു വരെ ഡൽഹിയിലും പുറത്തുമായി വിൽക്കുന്ന സംഘത്തെക്കുറിച്ച് കഴിഞ്ഞദിവസം വന്ന പത്രവാർത്ത കോടതി എടുത്തുപറഞ്ഞു. കേസ് ഒക്ടോബറിൽ വീണ്ടും പരിഗണിക്കും.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *