വഖഫ് ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി

 വഖഫ് ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് വോട്ട് ബാങ്ക് വൈറസ് പടര്‍ത്തുകയാണെന്ന് പറഞ്ഞ മോദി പട്ടികജാതി, പട്ടികവര്‍ഗ എന്നീ വിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരായിട്ടാണ് അവര്‍ കണക്കാക്കുന്നതെന്നും ആരോപിച്ചു. ഹരിയാണയിലെ ഹിസാറില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. വഖഫ് ബോര്‍ഡിന് കീഴില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി ഉണ്ടെന്നും എന്നാല്‍ ഈ ഭൂമികളും സ്വത്തുക്കളും പാവപ്പെട്ടവരെയും ആവശ്യക്കാരെയും സഹായിക്കാന്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെട്ടുത്തി. ‘വഖഫിന്റെ പേരില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളുടെ ആനുകൂല്യങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നെങ്കില്‍, അത് അവര്‍ക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍, ഈ സ്വത്തുക്കളില്‍ നിന്ന് പ്രയോജനം കിട്ടിയത് ഭൂമാഫിയയ്ക്കാണ്’ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭേദഗതികള്‍ വരുത്തി വഖഫ് നിയമത്തില്‍ പുതിയ മാറ്റമുണ്ടായതോടെ ഭൂമി കൊള്ളയും അവസാനിക്കും. ദരിദ്രരെ കൊള്ളയടിക്കുന്നതും അവസാനിക്കും. പുതിയ വഖഫ് നിയമപ്രകാരം, ഒരു ആദിവാസിയുടെയും ഭൂമിയോ സ്വത്തോ വഖഫ് ബോര്‍ഡിന് തൊടാന്‍ സാധിക്കില്ല. പാവപ്പെട്ട മുസ്ലിങ്ങള്‍ക്കും പസ്മാന്ദ മുസ്ലീങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കും. ഇതാണ് യഥാര്‍ത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ബാബാസാഹിബിനോട് കോണ്‍ഗ്രസ് ചെയ്തത് നമ്മള്‍ മറക്കരുത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിച്ചു. രണ്ടുതവണ തിരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിച്ചു. കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ പോലും ശ്രമിച്ചു. ബാബാസാഹിബിന്റെ ആശയങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു. ഡോ. അംബേദ്കര്‍ ഭരണഘടനയുടെ സംരക്ഷകനായിരുന്നു, പക്ഷേ കോണ്‍ഗ്രസ് ഭരണഘടനയെ തകര്‍ക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് പ്രചരിപ്പിച്ചു’എന്നും മോദി കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും മതമൗലിക വാദികളെ പ്രീണിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വഖഫ് ഭേദഗതി നിയമത്തിലെ അവരുടെ നിലപാടെന്നും മോദി വ്യക്തമാക്കി.

 

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *