ചൊവ്വാഴ്ച സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ-മംഗളൂരു-നാഗർകോവിൽ അമൃത്‌ഭാരത് എക്സ്പ്രസിനും മലബാറിനോട് അവഗണന
ചൊവ്വാഴ്ച സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ-മംഗളൂരു-നാഗർകോവിൽ അമൃത്‌ഭാരത് എക്സ്പ്രസിനും മലബാറിനോട് അവഗണന. ഷൊർണൂരിനും മംഗളൂരു ജങ്ഷനും ഇടയിൽ വണ്ടിനിർത്തുക അഞ്ച് സ്റ്റേഷനുകളിൽമാത്രമാണ്. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിർത്തുന്നത് ഓരോ സ്റ്റേഷനുകളിൽമാത്രം. അതേസമയം നാഗർകോവിലിനും ഷൊർണൂരിനും ഇടയിൽ 13 ഇടങ്ങളിൽ നിർത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ രണ്ട് സ്റ്റേഷനുകളിൽവീതം സ്റ്റോപ്പുണ്ട്. ആലപ്പുഴയിൽ മൂന്നും. തൃശ്ശൂരിലും പത്തനംതിട്ടയിലും പാലക്കാട്ടും ഒരിടത്തുമാത്രമാണ് നിർത്തുക. കൊയിലാണ്ടി, വടകര, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ സ്റ്റേഷനുകളെ പൂർണമായും അവഗണിച്ചു. വരുമാനത്തിൽ മുന്നിൽനിൽക്കുന്ന സ്റ്റേഷനുകളാണ് ഇവയൊക്കെ. വടകരയിൽ ശരാശരി 30 കോടിയോളം രൂപ പ്രതിവർഷം വരുമാനമുണ്ട്. കൊയിലാണ്ടിയിൽ 21 കോടിയും പയ്യന്നൂരിൽ 24 കോടിയും കാഞ്ഞങ്ങാട്ട് 18 കോടിയുമാണ് ശരാശരി പ്രതിവർഷവരുമാനം. ഈ സ്റ്റേഷനുകളെക്കാൾ വരുമാനം കുറഞ്ഞ ചങ്ങനാശ്ശേരി, മാവേലിക്കര സ്റ്റേഷനുകളിൽ വണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പ്രതിവാര വണ്ടിയാണെങ്കിലും ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ രാത്രി വണ്ടിയോടുന്നത് ഏറെ സൗകര്യപ്രദമാകുമായിരുന്നു.
