തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാതൃകാ പെരുമാറ്റചട്ടം പാലിക്കണം
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ചട്ടങ്ങൾ പാലിച്ചു പ്രചാരണം നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ, വംശപരമോ, ജാതിപരമോ, സമുദായപരമോ, ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുന്നതോ, ഇത്തരം ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏർപ്പെടുവാൻ പാടില്ല.
മറ്റു കക്ഷികളുടെ നേതാക്കൻമാരുടെയും പ്രവർത്തകരുടെയും, പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും വിമർശിക്കരുത്. അടിസ്ഥാനരഹിതമായതോ, വളച്ചൊടിച്ചതോ ആയ ആരോപണങ്ങൾ ഉന്നയിക്കുന്നതും ഒഴിവാക്കണം.
ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് ചോദിക്കുകയോ ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുകയോ ചെയ്യരുത്. ഏതെങ്കിലും സ്ഥാനാർത്ഥിക്കോ, സമ്മതിദായകനോ അവർക്ക് താൽപര്യമുള്ള വ്യക്തികൾക്കോ എതിരെ സാമൂഹിക ബഹിഷ്ക്കരണം, സാമൂഹിക ജാതിഭ്രഷ്ട്യ തുടങ്ങിയ ഭീഷണികൾ പാടില്ല.
വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകൾക്ക് മുന്നിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റ് ചെയ്യുക തുടങ്ങിയവ പാടില്ല.
ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ എന്നിവയിൽ അയാളുടെ അനുവാദം കൂടാതെ ബാനർ, കൊടിമരം എന്നിവ നാട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ പാടില്ല.
സർക്കാർ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ, ബാനർ, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പ്രത്യേക കക്ഷിക്കോ സ്ഥാനാർത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും മാറ്റി വച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവ എഴുതി വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യാൻ നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കിൽ നടപടി സ്വീകരിക്കും. അതിന് വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കും.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കാൻ പാടില്ല.
