പതിനായിരം വാട്ടർ ടാക്സികൾ പുറത്തിറക്കാൻ മഹാരാഷ്ട്ര സർക്കാർ

മുംബൈ: പതിനായിരം വാട്ടർ ടാക്സികൾ പുറത്തിറക്കാൻ മഹാരാഷ്ട്ര സർക്കാർ. മുംബൈയിൽനിന്നു കല്യാൺ, ഡോംബിവ്‌ലി, വിരാർ മേഖലകളിൽനിന്നു ബേലാപുരിലേക്കു കൂടുതൽ വാട്ടർ ടാക്സികൾ ആരംഭിക്കാനാണു പുതിയ പദ്ധതി. ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിശദ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
നവിമുംബൈ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ വടക്കുകിഴക്ക് മേഖലകളിലുള്ളവർക്കും വേഗത്തിൽ നവിമുംബൈയിലേക്ക് എത്താൻ ജലഗതാഗതത്തിലൂടെ സാധിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. നേരത്തേ, ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് ബേലാപുരിലേക്കും തിരിച്ചും സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ കുറവായതിനാൽ പിന്നീട് സർവീസുകൾ നിർത്തി. വിരാർ, ഡോംബിവ്‌ലി, കല്യാൺ, എന്നീ
പ്രദേശങ്ങളിൽനിന്നു വാട്ടർ ടാക്സി ഉപയോഗിച്ചാൽ 70 മിനിറ്റിനുള്ളിൽ പുതിയ വിമാനത്താവളത്തിൽ എത്താൻ സാധിക്കും. കേരളത്തിലെ കൊച്ചി വാട്ടർമെട്രോ മാതൃകയിൽ അത്യാധുനിക ബോട്ടുകൾ ഉൾപ്പെടെ എത്തിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.