അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം യമുനാ നദിയിൽ നിമജ്ജനം ചെയ്തു

ന്യൂഡൽഹി : അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം യമുനാ നദിയിൽ നിമജ്ജനം ചെയ്തു. മജ്നു കാ ടില ഗുരുദ്വാരയ്ക്കു സമീപത്തെ യമുനാനദിയുടെ ഭാഗത്താണു സിഖ് ആചാരപ്രകാരം കുടുംബാംഗങ്ങൾ ചിതാഭസ്മം ഒഴുക്കിയത്.
26ന് അന്തരിച്ച മൻമോഹൻ സിങ്ങിന്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ ദിവസം യമുനാതീരത്തെ നിഗംബോധ്ഘാട്ടിലാണ് നടന്നത്. ഭാര്യ ഗുർശരൺ കൗർ, മക്കളായ ഉപീന്ദർ സിങ്, ധമൻ സിങ്, അമൃത് സിങ് എന്നിവരും മറ്റു കുടുംബാംഗങ്ങളും ഇന്നലെ ഇവിടെയെത്തി ചിതാഭസ്മം ഏറ്റുവാങ്ങിയ ശേഷം മജ്നു കാ ടിലയിൽ നിമജ്ജനം ചെയ്യുകയായിരുന്നു. മരണാന്തര പ്രാർഥനാകർമങ്ങൾ ജനുവരി 1നു മോത്തിലാൽ നെഹ്റു മാർഗിലെ വസതിയിൽ നടക്കും. 3ന് പാർലമെന്റ് പരിസരത്തെ റക്കാബ്ഗഞ്ച് ഗുരുദ്വാരയിലും പ്രത്യേക പ്രാർഥനയുണ്ട്.