സ്‌കൂളിന്റെ പേരില്‍ തട്ടിയത് 1 കോടിയോളം, നടപടി പാടില്ലെന്ന് അഭ്യര്‍ത്ഥിച്ച് സമസ്ത നേതൃത്വം

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്‌കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ഒരു കോടിയോളം രൂപയുടെ വന്‍ ക്രമക്കേട് നടത്തിയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെ കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കരുതെന്ന അഭ്യര്‍ത്ഥിച്ച് സമസ്ത നേതൃത്വം മുഖ്യമന്ത്രിയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ നേതൃത്വത്തില്‍ ഈ ആവശ്യം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ ചെയ്യാത്ത ജോലിക്ക് ഒരു കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. സ്‌കൂള്‍ മാനേജര്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമെതിരെ ക്രിമിനല്‍ നടപടിക്ക് മലപ്പുറം ഡിഡിഇ ശുപാര്‍ശ ചെയ്തു. കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്‌കൂളിലെ മൂന്ന് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വണ്ടൂര്‍ എഇഒയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. അധ്യാപകരായ ഒ സുലാഫ, നിഷാത്ത് സുല്‍ത്താന, സി റെയ്ഹാനത്ത് സ്‌കൂള്‍ മാനേജര്‍ എന്‍ കെ അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കെതിരെയാണ് മലപ്പുറം ഡി ഡി ഇയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇവരിലൊരാള്‍ ഇ.കെ സുന്നി നേതാവിന്റെ മകളായതിനാലാണ് നടപടി പാടില്ലെന്ന് ആവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിയെ കണ്ടത്. വന്‍ ക്രമക്കേട് കണ്ടെത്തിയ അന്വേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്ലിം ലീഗ് നേതാക്കളെന്നാണ് ഇകെ സുന്നി നേതാക്കളുടെ ആരോപണം.