മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാർക്ക് പുതിയ വില്ലേജിൽ വീട് ഒരുക്കും

 മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാർക്ക് പുതിയ വില്ലേജിൽ വീട് ഒരുക്കും

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലെ ഉന്നതിക്കാർക്ക് വെള്ളരിമല പുതിയവില്ലേജ് പരിസരത്ത് സ്വപ്ന ഭവനങ്ങൾ ഒരുക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല വില്ലേജിൽ സർവ്വെ നമ്പർ 126 -ൽ ഉൾപ്പെട്ട അഞ്ച് ഹെക്ടർ ഭൂമിയിലാണ് സർക്കാർ പുനരധിവാസം സാധ്യമാക്കുന്നത്. വനം വകുപ്പ് നിക്ഷിപ്ത വന ഭൂമിയായി ഏറ്റെടുത്ത പുതിയ വില്ലേജ് പരിസരത്തെ 15 ഏക്കറിലാണ് ഉന്നതികാർക്ക് വീട് നിർമിക്കുക. പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട്, പുതിയ വില്ലേജ് ഉന്നതികളിലെ 13 കുടുംബങ്ങളെയാണ് ഈ വീടുകളിൽ പുനരധിവസിപ്പിക്കുക.

പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളിലെ 16 അംഗങ്ങളും ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ച് കുടുംബങ്ങളിലെ 32 പേരും പുതിയ വില്ലേജിലെ മൂന്ന് കുടുംബങ്ങളിലെ 9 അംഗങ്ങളുമാണ് സെറ്റിൽമെന്റിന്റെ ഭാഗമാകുന്നത്.

പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലെ ഏട്ട് കുടുംബങ്ങൾ സർക്കാറിന്റെ ബി-2 പട്ടികയിൽ ഉൾപ്പെട്ടവരാണ്. ദുരന്തമേഖലയിൽ ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി നടത്തിയ പഠന റിപ്പോർട്ട് പ്രകാരം നിലവിൽ ഉന്നതിക്കാർ താമസിക്കുന്നത് വാസയോഗ്യമായ പ്രദേശങ്ങളിലാണ്. എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നോ ഗോ സോണിലൂടെ മാത്രം സഞ്ചാരപാതയുള്ളതിനാലാണ് ഉന്നതിക്കാരെ സർക്കാർ പുനരധിവസിപ്പിക്കുന്നത്. ഏറാട്ടുകുണ്ട് ഉന്നതിയിൽ താമസിക്കുന്ന അഞ്ചു കുടുംബങ്ങൾ റെഡ് സോൺ മേഖലയിൽ ഉൾപ്പെടുകയും മാറി വരുന്ന കാലവർഷങ്ങളിൽ താത്ക്കാലികമായി മാറ്റി താമസിപ്പിക്കേണ്ട സാഹചര്യവുമുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക ഉത്തരവ് പ്രകാരം സർക്കാറിന്റെ അനുമതിയോടെയാണ് പുനരധിവാസത്തിലേക്ക് ഉൾപ്പെടുത്തിയത്.

ജില്ലാ ഭരണകൂടം, വനം വകുപ്പ്, ഊര് നിവാസികൾ, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് സർവ്വെ പൂർത്തീകരിച്ച് ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ വില്ലേജിൽ കണ്ടെത്തിയ ഭൂമിയിൽ ഓരോ കുടുംബത്തിനും 10 സെന്റ് വീതം നൽകും. സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റിൽ തയ്യാറാക്കുന്ന ടൗൺഷിപ്പിൽ ഓരോ കുടുംബത്തിനും അനുവദിച്ച 1000 സ്ക്വയർ ഫീറ്റ് വീട് മാതൃകയിലോ, ഉന്നതിക്കാരുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാവുന്ന വിധമോ ഏതാണോ ഉചിതമെന്ന പരിഗണനയുടെ അടിസ്ഥാനത്തിൽ എല്ലാ സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് പട്ടികവർഗ വികസന വകുപ്പ് ഓഫീസ് ജി പ്രമോദ് പറഞ്ഞു.

 

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *