മിഥുന്റെ കുടുംബത്തിന് വീട്; താക്കോൽ കൈമാറി

 മിഥുന്റെ കുടുംബത്തിന് വീട്; താക്കോൽ കൈമാറി

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് നിർമ്മിച്ച വീട് കൈമാറി. പടിഞ്ഞാറെ കല്ലട വെളിന്തറയിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് 20 ലക്ഷം രൂപ ചെലവഴിച്ചാണ് 1000 ചതുരശ്രയടിയിലുള്ള വീട് നിർമിച്ചത്.

രാജ്യത്ത് ആദ്യമായി 10 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 43 ലക്ഷം വിദ്യാർത്ഥികളിൽ നിന്നും വിഹിതം വാങ്ങാതെയുള്ള പരിരക്ഷയാണിത്. മാരകമായ പരിക്കുകൾക്ക് മൂന്നുലക്ഷം രൂപ വരെയും ഒ പി ചികിത്സയ്ക്ക് 20000 രൂപ വരെയുമാകും ധനസഹായം.

നാലു കോടിയോളം എണ്ണംവരുന്ന പാഠപുസ്തകങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്തു. 11-ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷത്തിലേക്കുള്ളവ മൂന്നാഴ്ചയ്ക്കുള്ളിൽ വിതരണത്തിന് നൽകാനാകും. വിവിധ ക്ലാസുകളിലെ പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ മാറ്റംവരാതെ 25 ശതമാനം സിലബസ് കുറയ്ക്കുന്നത് കരിക്കുലം കമ്മിറ്റി അംഗീകരിച്ചത് അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി.

ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ മിഥുന്റെ മാതാപിതാക്കൾക്ക് താക്കോൽ കൈമാറി. രാജ്യത്ത് ആദ്യമായി സ്‌കൂൾ മുതൽ കോളേജ്തലംവരെ സൗജന്യവിദ്യാഭ്യാസം നൽകുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് കേരളം എന്ന് അദ്ദേഹം പറഞ്ഞു.

കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജെ. അംബികാ കുമാരി, സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ കെ സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി കെ ഗോപൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. കലാദേവി, ദീപ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ഇന്ദു, രാഖി പ്രവീൺ, ഗ്രാമപഞ്ചായത്ത് അംഗം കെ. കലാധരൻ പിള്ള, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ. ലാൽ തുടങ്ങിയവർ പങ്കെടുത്തു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *