തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തിയതികളിൽ രണ്ടുഘട്ടമായാണ് പോളിംഗ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 നും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ പോളിംഗ് നടക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ കമ്മീഷണർ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14 ന് വിജ്ഞാപനമിറക്കും. അന്നു തന്നെ വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് പരസ്യപ്പെടുത്തലുണ്ടാകും. നവംബർ 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22 ന് നടക്കും. നവംബർ 24 നകം സ്ഥാനാർത്ഥിത്വം പിൻവലിക്കാം. ഡിസംബർ 18 ന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.

ഇന്ത്യൻ ഭരണഘടനയുടെ 73, 74 ഭേദഗതിക്കനുസരിച്ച് നിലവിൽ വന്ന 1994 ലെ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം റൂറൽ മേഖലയിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളും അർബൻ മേഖലയിൽ മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളും രൂപീകരിക്കപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള ചുമതല ഭരണഘടനാ സ്ഥാപനമായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ അർപ്പിതമാണ്. 1993 ഡിസംബർ 3 ന് രൂപീകൃതമായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 1995 മുതൽ കൃത്യമായും 5 വർഷം കൂടുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തി വരുന്നു. കേരളത്തിൽ അഞ്ച് തലത്തിലേക്കുമുളള തദ്ദേശ തെരഞ്ഞെടുപ്പ് ഒരേ സമയത്താണ് നടത്തിവരുന്നത്. സംസ്ഥാനത്ത് നിലവിൽ 1200 തദ്ദേശ സ്ഥാപനങ്ങൾ ഉണ്ട്. 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ. 87 മുനിസിപ്പാലിറ്റികൾ 6 കോർപ്പറേഷനുകൾ എന്നിവയിൽ ആകെ 23612 വാർഡുകളാണുളളത്. ഓരോ വാർഡും നിയോജകമണ്ഡലമാണ്. നിയോജകമണ്ഡലാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടത്തുന്നതിനായി വോട്ടർപട്ടിക തയ്യാറാക്കുകയും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലെ ഭരണസമിതി കാലയളവ് ഡിസംബർ 20ന് അവസാനിക്കും. 2020-ൽ പൊതു തെരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിലാണ് നടന്നത്. വോട്ടെണ്ണൽ 16നും സത്യപ്രതിജ്ഞ 21നു മായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കുമുളള പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണ്. മട്ടന്നൂർ നഗരസഭയുടെ കാലാവധി 2027 സെപ്റ്റംബർ 10ന് മാത്രമേ അവസാനിക്കൂ.

941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികളിലെ 3205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നത് ആകെ 23576 വാർഡുകളിലേക്കാണ്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം നടത്തിയിരുന്നു.

2024 – ൽ സർക്കാർ പുതുക്കി. നിശ്ചയിച്ച അംഗസംഖ്യ പ്രകാരവും 2011-ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയുമാണ് വാർഡ് വിഭജനം നടത്തിയത്. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയുടേത് ഒന്നാം ഘട്ടമായും ബ്ലോക്ക് പഞ്ചായത്തുകളുടേത് രണ്ടാംഘട്ടമായും ജില്ലാ പഞ്ചായത്തുകളുടേത് മൂന്നാംഘട്ടമായുമാണ് വാർഡ് വിഭജനം പൂർത്തിയാക്കിയത്.  പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി, തൃക്കടീരി ഗ്രാമപഞ്ചായത്ത് എന്നിവയിൽ വാർഡ് വിഭജനം ആവശ്യമായിരുന്നില്ല. വാർഡ് വിഭജനത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഡിജിറ്റൽ വാർഡ് മാപ്പ് ഐ.കെ.എം. സഹായത്തോടെ തയ്യാറാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ചെയർമാനും ഗവ. സെക്രട്ടറിമാരായ   ഡോ. രത്തൻ യു. ഖേൽക്കർ, കെ. ബിജു, എസ്. ഹരികിഷോർ, ഡോ. കെ വാസുകി എന്നിവർ അംഗങ്ങളുമായ ഡീലിമിറ്റേഷൻ കമ്മീഷനാണ് വാർഡ് വിഭജനം നടത്തിയത്.

തദ്ദേശ സ്ഥാപനങ്ങളിൽ 2020 ലെ   പൊതു തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടർപട്ടിക 2023 ലും 2024 ലും 2025-ൽ രണ്ടുതവണയും സംക്ഷിപ്തമായി പരിഷ്‌കരിച്ചാണ് 2025 ലെ പൊതു തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ 2014-ലെ അസംബ്ലി ബൂത്തുതല വോട്ടർപട്ടിക ഹൗസ് വെരിഫിക്കേഷൻ ഓഫീസർമാർ വീട് വീടാന്തരം സന്ദർശിച്ച് വാർഡുതലത്തിൽ ക്രമീകരിച്ചിരുന്നു.  അത്തരത്തിൽ തയ്യാറാക്കിയ വോട്ടർപട്ടിക 2015 ലും 2020 ലും ആവശ്യമായ പുതുക്കലുകൾ വരുത്തി പൊതു തെരഞ്ഞെടുപ്പുകൾക്കും അതിനെ തുടർന്നുനടന്ന ഉപതെരഞ്ഞെടുപ്പുകൾക്കും ഉപയോഗിച്ചിരുന്നു.

സംസ്ഥാനത്താകെ 1200 തദ്ദേശ സ്ഥാപനങ്ങളിലുണ്ടായിരുന്ന 21900 വാർഡുകൾ ഡീലിമിറ്റേഷൻ പ്രക്രിയവഴി 23,612 ആയി വർദ്ധിച്ചു. പുതിയ വാർഡുകൾക്കനുസൃതമായി വോട്ടർപട്ടിക 2025 ആഗസ്റ്റിലും ഒക്ടോബറിലും  രണ്ട് പ്രാവശ്യം പുതുക്കിയിരുന്നു. ആഗസ്റ്റിൽ തയ്യാറാക്കിയ വോട്ടർ പട്ടിക സെപ്റ്റംബർ 29ന്  വീണ്ടും കരടായി പ്രസിദ്ധീകരിക്കുകയും അന്തിമ പട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാൻസ്ജെൻഡറുകളും  ഉൾപ്പെടെ ആകെ 2,84,30,761 വോട്ടർമാരുണ്ട്. പ്രവാസി ഭാരതീയർക്കുള്ള വോട്ടർ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. പ്രവാസി പട്ടികയിൽ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉൾപ്പെടെ ആകെ  2841 വോട്ടർമാരാണുളളത്.

ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് നവംബർ 4, 5 തീയതികളിൽ വീണ്ടും അവസരം നൽകിയിരുന്നു. അതോടൊപ്പം ഒഴിവാക്കലിനും ഭേദഗതിക്കും  സ്ഥാനമാറ്റത്തിനും   അവസരമുണ്ടായിരുന്നു. സപ്ലിമെന്ററി ലിസ്റ്റുകൾ 14ന് പ്രസിദ്ധീകരിക്കും.  അത് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. വോട്ടെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുളള വോട്ട് രേഖപ്പെടുത്തുന്നതിന് പഞ്ചായത്തുകൾക്കായി 28,127 ഉം മുനിസിപ്പാലിറ്റികൾക്ക് 3604 ഉം കോർപ്പറേഷനുകൾക്ക് 2015 ഉം പോളിംഗ് സ്റ്റേഷനുകളുമാണുളളത്. പഞ്ചായത്ത് തലത്തിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തിൽ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്.

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് സംവരണ സംബന്ധിച്ച് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേത് ജില്ലാ കളക്ടറും, മുനിസിപ്പാലിറ്റികളുടേത് തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും കോർപ്പറേഷനുകളുടേത് തദ്ദേശ വകുപ്പ് അർബൻ ഡയറക്ടറുമായിരുന്നു അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ.  സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടിക വർഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടിക വർഗ്ഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്കുളള സംവരണ വാർഡുകളുടെ എണ്ണം സർക്കാർ നിശ്ചയിച്ചിരുന്നു. അതനുസരിച്ച് ആവർത്തനക്രമം പാലിച്ച് നറുക്കെടുപ്പിലൂടെയാണ് സംവരണ വാർഡുകൾ കണ്ടെത്തിയിട്ടുള്ളത്.

തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം കമ്മീഷൻ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അദ്ധ്യക്ഷസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഉപാധ്യക്ഷസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

വോട്ടെടുപ്പിനായി  ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹൈദരാബാദ് ആസ്ഥാനമായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എൽ) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി നിർമ്മിച്ചു നൽകിയവയാണ്. ഇവയുടെ പരിശോധന ഇ.സി.ഐ. എൽ  എൻജിനീയർമാരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. 50,693 കൺട്രോൾ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് അത്തരത്തിൽ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുളളത്. ത്രിതല പഞ്ചായത്തുകളിൽ ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു കൺട്രോൾ യൂണിറ്റും മൂന്ന് ബാലറ്റ്  യൂണിറ്റുകളും ഉപയോഗിക്കും. പരിശോധന പൂർത്തിയാക്കിയ മെഷീനുകളിൽ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. ഒരു ബാലറ്റ് യൂണിറ്റിൽ പരമാവധി 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമാണ് രേഖപ്പെടുത്തുന്നത്. 15-ൽ അധികം സ്ഥാനാർത്ഥികൾ ഉണ്ടാവുകയാണെങ്കിൽ അധിക ബാലറ്റ് യൂണിറ്റ് സജ്ജമാക്കും.

വോട്ടെടുപ്പിന് ആവശ്യമായ പോളിംഗ് സാധനങ്ങളും ഫാറങ്ങളും  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് ജില്ലാ വെയർഹൗസിൽ നിന്നും വരണാധികാരികൾക്ക് ലഭ്യമാക്കും. തെരഞ്ഞെടുപ്പിനായി വരണാധികാരികളെയും ഉപവരണാധികാരികളെയും കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി ജില്ലാ കളക്ടറാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഒന്ന് വീതവും മുനിസിപ്പാലിറ്റി  കോർപ്പറേഷനുകൾക്ക് വാർഡുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നിലധികവും വരണാധികാരികൾ ഉണ്ടാവും. ആകെ 1249 വരണാധികാരികളാണുളളത്. ഓരോ വരണാധികാരിക്കും ഒന്നിലധികം ഉപവരണാധികാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും  ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്.

ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ എന്നിവരെ വോട്ടെടുപ്പിനായി നിയോഗിക്കും. വോട്ടെടുപ്പിനും പോളിംഗ് സാധനങ്ങളുടെ വിതരണത്തിനും മറ്റുമായി ഒരു ലക്ഷത്തി എൺപതിനായിരത്തോളം  ഉദ്യോഗസ്ഥരെ  നിയോഗിക്കും. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കുളള പരിശീലനം വോട്ടെടുപ്പിന് മുമ്പ് നൽകും.

പോളിംഗ് സാധനങ്ങളുടെ വിതരണത്തിനും പോളിംഗിനു ശേഷം അവ തിരികെ വാങ്ങി സൂക്ഷിക്കുന്നതിനുമുള്ള  വിതരണ സ്വീകരണ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.  ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത്തലത്തിലും, മുനിസിപ്പാലിറ്റി കോർപ്പറേഷനുകളെ സംബന്ധിച്ച് അതത് സ്ഥാപനതലത്തിലുമാണ് വിതരണസ്വീകരണ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. വോട്ടെണ്ണലും ഇതേ കേന്ദ്രങ്ങളിൽ വച്ചാണ് നടത്തുന്നത്. അത്തരത്തിൽ സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങൾ ഉണ്ടാകും.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കമ്മീഷൻ ഉത്തരവായിട്ടുണ്ട്.  നാല് പട്ടികകളായി തിരിച്ചാണ് ചിഹ്നങ്ങൾ അനുവദിച്ചിട്ടുള്ളത്. ഒന്നാം പട്ടികയിൽ ദേശീയ പാർട്ടികൾക്കും രണ്ടാം പട്ടികയിൽ കേരളത്തിലെ  സംസ്ഥാന പാർട്ടികൾക്കുമാണ് ചിഹ്നങ്ങൾ നൽകിയിട്ടുളളത്. മൂന്നാം പട്ടികയിൽ  മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അംഗീകൃത പാർട്ടികൾക്കും, കേരള നിയമസഭയിലോ തദ്ദേശസ്ഥാപനങ്ങളിലോ പ്രാധിനിത്യമുളള പാർട്ടികൾക്കുമുളള ചിഹ്നങ്ങളാണ് നൽകിയിട്ടുളളത്. നാലാം പട്ടികയിലെ ചില സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാപ്രകാരം നൽകുന്നതിന് രജിസ്ട്രേഡ് രാഷ്ട്രിയ പാർട്ടികൾക്ക് അനുവദിച്ചിട്ടുണ്ട്. അല്ലാത്തവ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് നൽകും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. പെരുമാറ്റചട്ടം സംസ്ഥാനത്തെ മുഴുവൻ തദ്ദേശ  സ്ഥാപനങ്ങളിലും ബാധകമായിരിക്കും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത്.  ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവർത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാർത്ഥികളുടെയോ പ്രതിപക്ഷപാർട്ടി പ്രവർത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല.

കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിലിരിക്കുന്ന കക്ഷി ഔദ്യോഗിക സ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങൾ നൽകുകയോ പ്രഖ്യാപനങ്ങൾ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാൻ പാടില്ല. പുതിയ പദ്ധതികളോ സ്‌കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം നടത്തുകയോ പാടില്ല. പെരുമാറ്റചട്ടം സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിന് ജില്ലകളിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാകും. ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ പോലീസ് മേധാവി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടർ, പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളുമായിരിക്കും.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *