ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തു

ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ്  ശബരിമല ക്ഷേത്രമെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയുടെ മതാതീത ആത്മീയത അത്യപൂർവതയാണ്. അതു ലോകത്തിനുമുന്നിൽ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമാണ്.

തീർത്ഥാടകർക്ക് എന്താണ് വേണ്ടത് എന്നത് സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി സങ്കൽപിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കി വേണ്ടതു ചെയ്യണം. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്. വർഷങ്ങൾ നീണ്ട ആലോചനയ്ക്കും ചർച്ചകൾക്കും ശേഷമാണ് ഇത്തരമൊരു പരിപാടിയിലേക്ക് എത്തിയത്.

ഓരോ വർഷവും ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ  വർദ്ധനയ്ക്കനുസരിച്ച് സുഗമമായ യാത്രാസൗകര്യം, പാർക്കിങ്ങ്, ശുദ്ധജലലഭ്യത, സാനിറ്റേഷൻ സംവിധാനങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ചികിത്സാ സൗകര്യങ്ങൾ എല്ലാം വേണം. ഇവ പ്രകൃതിയുടെ മനോഹാരിതയ്ക്ക് കോട്ടം തട്ടാതെയും, പരിസ്ഥിതിക്ക് പോറലേൽപ്പിക്കാതെയും ആവണം. എരുമേലി അടക്കമുള്ള സമീപപ്രദേശങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കണം.

2050 വരെയുള്ള വികസന സാധ്യതകൾ മുന്നിൽക്കണ്ടാണ് കാര്യങ്ങൾ നീക്കുന്നത്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കൽ എന്നിവയുടെ സമഗ്ര വികസനമാണ് മാസ്റ്റർപ്ലാൻ ലക്ഷ്യമിടുന്നത്. 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ, ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.

ട്രാൻസിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ളത്. തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്തു നിന്നു തിരിച്ചിറങ്ങുന്നതിനും ഒരു പ്രത്യേക സർക്കുലേഷൻ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയിൽ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉൾപ്പെടെ ആകെ 207.48 കോടി രൂപയും, ട്രെക്ക് റൂട്ടിന്റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉൾപ്പെടെ ആകെ 47.97 കോടി രൂപയുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകൾ പ്രകാരം ആകെ ചെലവ് കണക്കാക്കുന്നത് 1,033.62 കോടി രൂപയാണ്.

പമ്പ ഗണപതിക്ഷേത്രം മുതൽ പമ്പ ഹിൽടോപ്പ് വരെ പമ്പാ നദിക്കുകുറുകെ നിർമ്മിക്കുന്ന സുരക്ഷാപാലം, നിലയ്ക്കൽ ഇടത്താവളത്തിലെ കോർ ഏരിയയുടെ വികസനം. കുന്നാറിൽ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ, നിലയ്ക്കൽ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിർമ്മാണം, ശബരിമല സന്നിധാനത്തെ തീർത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിർമ്മാണ-വിതരണ സമുച്ചയം എന്നിവയുടെ നിർമ്മാണം, ശബരിമല സന്നിധാനത്ത് അഗ്‌നിശമന സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന പ്രവൃത്തി, കൂടാതെ ശബരിമല സന്നിധാനത്തെ തീർത്ഥാടക നിർഗമന പാലം, നിലയ്ക്കൽ ഇടത്താവളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയ്ക്കായി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു തുറന്ന ചർച്ച നടത്തുന്നതിൽ, ശബരിമലയുടെ വികസനം ആഗ്രഹിക്കുന്നവർ എതിർക്കേണ്ട കാര്യമില്ല. എതിർക്കുന്നവരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാവരുടേയും അഭിപ്രായങ്ങൾ കേട്ടും, അവരെ ഉൾക്കൊണ്ടും, അവരെയെല്ലാം ചേർത്തുപിടിച്ചുമാണ് നമ്മൾ ശബരിമലയുടെ വികസനം ഉറപ്പാക്കുന്നതെന്നും  ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് അയ്യപ്പസംഗമം നടത്തുന്നതെന്നും മുഖ്യമന്ത്രി  പറഞ്ഞു.

ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ടുകൊടുത്ത് സർക്കാർ പിന്മാറണം എന്ന വാദം ചില കോണുകളിൽ നിന്നുയരുന്നുണ്ട്. ആരും നോക്കാനില്ലാതെ നാശോന്മുഖമാകുന്ന നില വന്നപ്പോഴാണ് ബോർഡുകളും മറ്റ് ഭരണസംവിധാനങ്ങളും നിലവിൽ വന്നത്. അതോടെയാണ് തകർച്ചയിലായ ഒരുപാട് ക്ഷേത്രങ്ങൾ ഉദ്ധരിക്കപ്പെട്ടത്. ക്ഷേത്ര ജീവനക്കാർക്കു കൃത്യമായി ശമ്പളം ഉറപ്പായത്.

2019 ലെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ദേവസ്വം ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും വിഷമത്തിലായ ഘട്ടത്തിൽ 140 കോടി രൂപയുടെ ധനസഹായമാണ് സർക്കാർ ബോർഡിനു നൽകിയത്. മരാമത്ത് പണികൾക്കായി 123 കോടി രൂപയും ലഭ്യമാക്കി. ഇത്തരം സത്യങ്ങൾ പലരും കണ്ടില്ലെന്നു നടിക്കുന്നു. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നു പറയുന്നവർ സർക്കാർ സഹായമില്ലാത്ത പഴയകാല ദുരിതാവസ്ഥയിലേക്കു ക്ഷേത്രങ്ങൾ തിരിച്ചുപോകണം എന്നാണോ ആഗ്രഹിക്കുന്നത് എന്നു വിശ്വാസികൾ തിരിച്ചു ചോദിക്കണം. ദേവസ്വം ബോർഡിന്റെ വരുമാനം സർക്കാർ കൈക്കലാക്കുന്നുവെന്ന വ്യാജപ്രചാരണം ചിലർ ഇപ്പോഴും നടത്തുന്നുണ്ട്. സർക്കാർ ഒരു പൈസ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോർഡിന് സർക്കാർ അങ്ങോട്ടു പണം നൽകുക കൂടി ചെയ്യുന്നു. അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളിൽ ഇന്നും അന്തിത്തിരി തെളിയുന്നത്. അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാർ പട്ടിണിയിലാകാത്തത്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *