ഇന്ത്യയിലെ എയര്‍പോഡ് ഉത്പാദനം പ്രതിസന്ധിയില്‍

ഈ വർഷം തുടക്കത്തിലാണ് ഇന്ത്യയിൽ ആപ്പിൾ എയർപോഡുകളുടെ നിർമാണം ആരംഭിച്ചത്. എന്നാൽ ചൈന കാരണം ഇന്ത്യയിലെ എയർപോഡ് ഉത്പാദനം ഇപ്പോൾ പ്രതിസന്ധിയിലാണ്. എയർപോഡുകൾ നിർമിക്കാൻ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില അപൂർവ ലോഹ ദാതുക്കൾ ആവശ്യമാണ്. എന്നാൽ ഏപ്രിൽ വരെ അപൂർവ ലോഹദാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഇന്ത്യയിൽ എയർപോഡുകൾ നിർമിക്കുന്ന ഫോക്‌സ്‌കോൺ എന്ന കമ്പനി ഈ പ്രതിസന്ധി തെലങ്കാന സർക്കാരിനെ അറിയിച്ചു. ഫോക്‌സ്‌കോണിന്റെ തെലങ്കാന ഫാക്ടറിയിലാണ് എയർപോഡ് ഉത്പാനം നടക്കുന്നത്. ഡിസ്‌പ്രോസിയം, നിയോഡൈമിയം എന്നീ ലോഹങ്ങളുടെ ക്ഷാമമാണ് കമ്പനി നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നിലവിൽ ഉത്പാദനം പൂർണമായി നിലച്ചിട്ടില്ല. ഇപ്പോഴും ചില ഉത്പാദന പ്രക്രിയകൾ നടക്കുന്നുണ്ട്. എങ്കിലും പരിഹരിക്കപ്പെടേണ്ട വലിയൊരു പ്രശ്‌നമാണിത്. അത് പരിഹരിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതേസമയം ഫോക്‌സ്‌കോണും ആപ്പിളും ഇത്തരം ഒരു സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണ്. ഇലക്ട്രോണിക് നിർമാണ രംഗത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ചൈന. ബാറ്ററി സാങ്കേതിക വിദ്യകൾ ഉൾപ്പടെയുള്ള ചൈനീസ് സാങ്കേതിക വിദ്യകളും, വൈദഗ്ധ്യവും രാജ്യാതിർത്തി കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികൾ ചൈനയിൽ നിന്നുള്ള ഉത്പാദനം കുറച്ച് മറ്റ് രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചുവരികയാണ്. ഇലക്ട്രോണിക്‌സ് ഉത്പാദന രംഗത്ത് ഇന്ത്യ ചൈനയ്ക്ക് വലിയ ഭീഷണിയായി വളരുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ നീക്കം.