ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സിൽ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ആദ്യ വികസന സദസ്സ് നടന്നത്.
വികസന സദസ്സിലൂടെ കേരളം പുതിയ കാൽവയ്പ്പ് നടത്തുകയാണ്. നാടിന്റെ എല്ലാ ഭാഗങ്ങളെയും കേട്ടുകൊണ്ടുള്ള ഭാവി വികസനം നടപ്പിലാക്കും. സർക്കാരിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ നേടാൻ കഴിഞ്ഞ വികസന നേട്ടങ്ങൾ ചർച്ച ചെയ്യപ്പെടും. അതോടൊപ്പം എന്റെ നാട് എങ്ങനെ വികസിച്ചു വരണം എന്നുള്ള അഭിപ്രായങ്ങൾ ജനങ്ങളിൽ നിന്നും ശേഖരിക്കും. ഈ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് ഭാവി വികസനത്തിന് അടിത്തറ പാകുന്ന വികസന പദ്ധതികൾ രൂപീകരിക്കും. പ്രാദേശിക പ്രത്യേകത അനുസരിച്ചു താഴെത്തട്ടിൽ നിന്നുള്ള ആസൂത്രണം സാധ്യമാക്കാനും കഴിയും. ഇതിനായി ഒരു മാസം നീണ്ടു നിൽക്കുന്ന വികസന സദസ്സുകൾ കേരളത്തിലാകെ നടക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള ജനങ്ങൾ അവിടത്തെ ഭാവി വികസനത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തും. വികസന സദസ്സിലൂടെ സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുണ്ട്. ഓരോ പ്രദേശത്തിന്റെയും വികസനം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനമാണ്. വികസന നേട്ടങ്ങൾ ചർച്ച ചെയ്യുമ്പോൾ ജനങ്ങൾക്കാണ് പ്രാധാന്യം. ഭരണത്തിലുള്ളവർ മാത്രമല്ല എല്ലാവരും അവരുടെ നാടിന്റെ വികസനത്തിനായി ഇതിൽ പങ്ക് വഹിക്കണം. നാടിന്റെ വികസന കാര്യത്തിൽ ഒന്നിച്ചു നിൽക്കുക വളരെ പ്രധാനമാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ്സുകൾ നടത്തി ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.