സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഏഴര കോടിയുടെ ഭരണാനുമതി

 സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഏഴര കോടിയുടെ ഭരണാനുമതി

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമാശ്വാസം പദ്ധതിക്കായി ആറു കോടി രൂപയുടെയും സ്‌നേഹസ്പർശം പദ്ധതിക്കായി ഒന്നര കോടി രൂപയുടെയും ഭരണാനുമതി നൽകിയാണ് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു.

വൃക്ക തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി പി എൽ വിഭാഗക്കാരായ രോഗികൾക്ക് സമാശ്വാസം – ഒന്ന് പദ്ധതി പ്രകാരം പ്രതിമാസം 1100 രൂപ നിരക്കിൽ ചികിത്സാസഹായം അനുവദിക്കും. വൃക്ക/കരൾ രോഗങ്ങൾ ബാധിച്ച് അവയവങ്ങൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായിട്ടുളളവരിൽ ഒരു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുളളവർക്ക് ശസ്ത്രക്രിയ കഴിഞ്ഞ് പരമാവധി അഞ്ചു വർഷംവരെ സമാശ്വാസം – രണ്ട് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ നിരക്കിൽ സഹായം അനുവദിക്കും, ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ചവർക്ക് സമാശ്വാസം – മൂന്ന് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ നിരക്കിലും, അരിവാൾ രോഗം ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിൽപ്പെട്ട ബി പി എൽ വിഭാഗക്കാരായവർക്ക് സമാശ്വാസം – നാല് പദ്ധതി പ്രകാരം   പ്രതിമാസം 2000 രൂപ നിരക്കിലും ധനസഹായം നൽകും.

2025 ജൂൺ മാസംവരെയുളള ചികിത്സാ ധനസഹായമാണ് അനുവദിക്കുക. ഈ പദ്ധതിയിൽ തുടർ ധനസഹായം ലഭിക്കാൻ ഗുണഭോക്താക്കൾ എല്ലാ വർഷവും ജനുവരി, ജൂൺ മാസങ്ങളിൽ  ലൈഫ് സർട്ടിഫിക്കറ്റും ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവയുടെ പകർപ്പുകളും ഫോൺ നമ്പർ അടക്കം തപാൽ മുഖേന കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ ലഭ്യമാക്കണം.

ചൂഷണത്തിന് വിധേയരായി, അവിവാഹിതരായിരിക്കെ അമ്മമാരാകുന്ന ബി പി എൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കി വരുന്ന സ്‌നേഹസ്പർശം പദ്ധതിയിൽ പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കും. ഗുണഭോക്താവ് വിവാഹിതയല്ലെന്നതിനുള്ള സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ തുടർ സഹായം ലഭിക്കാനായി സമർപ്പിച്ചിട്ടുളളവർക്കാണ് 2025 ജൂൺ മാസംവരെയുളള ധനസഹായം വിതരണം ചെയ്യുന്നത്. പദ്ധതിയിൽ തുടർ ധനസഹായം ലഭിക്കാൻ എല്ലാ വർഷവും ജൂൺ മാസത്തിൽ ഈ രേഖകൾ തപാൽ വഴി കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ ലഭ്യമാക്കണമെന്നും മന്ത്രി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 1800-120-1001 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടാം.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *