സംസ്ഥാനത്ത് ‘ഗ്രീന്‍ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു.

 സംസ്ഥാനത്ത് ‘ഗ്രീന്‍ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു.

സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി ‘ഗ്രീന്‍ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു.തദ്ദേശ ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതുജനസമ്പര്‍ക്കം കൂടുതലുള്ളതും മാലിന്യം കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥലങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്.ആദ്യ ഘട്ടത്തില്‍ വിവിധതരം വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, പ്രീ-പ്രൈമറി മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങള്‍, ഹോസ്റ്റലുകള്‍, അങ്കണവാടികള്‍, കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള ബസ് ഡിപ്പോകള്‍, ടൗണുകള്‍ എന്നിവയിലാണ് റേറ്റിങ് നടപ്പാക്കുന്നത്.രണ്ടാം ഘട്ടമായി ഹോട്ടല്‍ & റസ്റ്റോറന്റുകള്‍, ആശുപത്രികള്‍, ബേക്കറികള്‍, ഷോപ്പിങ് മാളുകള്‍, ഓഡിറ്റോറിയങ്ങള്‍, ഫ്ലാറ്റുകള്‍/അപ്പാര്‍ട്ട്മെന്റുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലും സംരംഭങ്ങളിലും റേറ്റിങ് നടക്കും.മലിന ജലസംസ്‌കരണം, കക്കൂസ് മാലിന്യ സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം, ശുചിമുറികള്‍, ഗ്രീന്‍ പ്രോട്ടോക്കോളും ബോധവത്കരണവും എന്നിവയാണ് റേറ്റിങ്ങിന് പരിഗണിക്കുന്ന ഘടകങ്ങള്‍.

ഓരോ ഘടകത്തിലും കുറഞ്ഞത് 60% മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ റേറ്റിങ് ലഭിക്കൂ. 60 ശതമാനം മാര്‍ക്കിന് ഒരു ലീഫ്, 80 ശതമാനത്തിന് രണ്ട് ലീഫ്, 100 ശതമാനം സ്‌കോറിന് 5 ലീഫ് എന്നിങ്ങനെയാണ് റേറ്റിങ് നല്കുക. മികച്ച റേറ്റിംഗ് നേടുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള അവാര്‍ഡുകള്‍, ക്യാഷ് പ്രൈസ്, അനുമോദനം, സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണന എന്നിവ ലഭിക്കുന്നതാണ്. സ്ഥാപനങ്ങളുടെ സേവനഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ജനസമ്മതി വര്‍ധിപ്പിക്കുന്നതിനും റേറ്റിങ് വഴിയൊരുക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിന് ഈ റേറ്റിങ് വെയിറ്റേജ് നല്‍കി പരിഗണിക്കുന്നതാണ്. തങ്ങളുടെ പരിധിയിലെ എല്ലാ മേഖല/സ്ഥാപനങ്ങള്‍ക്കും അഞ്ച് ലീഫ് റേറ്റിങ് ഉറപ്പാക്കി ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും.ഒക്ടോബര്‍ 29ന് തിരുവനന്തപുരത്ത് ഗ്രീന്‍ ലീഫ് റേറ്റിങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്സൈസ്- പാര്‍ലമെന്ററി കാര്യ വകുപ്പു മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.

 

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *