ലിംഗനീതി ഉറപ്പാക്കി പുതിയ പാഠപുസ്തകങ്ങൾ

 ലിംഗനീതി ഉറപ്പാക്കി പുതിയ പാഠപുസ്തകങ്ങൾ

തൃശ്ശൂർ: ഉള്ളടക്കത്തിലും വരയിലും ഭാഷയിലുമെല്ലാം അവനൊപ്പം അവളെയും മറ്റു ലിംഗവിഭാഗങ്ങളെയും ഉൾച്ചേർത്ത്, അടിമുടി മാറ്റവുമായി പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ. ജെൻഡർ വാർപ്പുമാതൃകകളെ ബോധപൂർവം പൊളിക്കാനുള്ള ശ്രമങ്ങളാണ് ഈ വർഷം മാറിവന്ന രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളിൽ. പത്താംക്ലാസിലെ സാമൂഹിക പാഠത്തിലെ ആദ്യ അധ്യായമായ ‘മാനവികത’യിൽ ദാന്തെയ്ക്കും പെട്രാർക്കിനും മാക്‌വെല്ലിക്കുമൊപ്പം ഇറ്റലിയിലെ മാനവികതാവാദിയും എഴുത്തുകാരിയുമായ വനിത കസാന്ദ്ര ഫെഡലെയെയും കൂട്ടിച്ചേർത്തു. രാജ്യത്തെ തൊഴിൽ പങ്കാളിത്ത നിരക്കിലെ സ്ത്രീ-പുരുഷ അന്തരവും അതിനുള്ള കാരണങ്ങളും പത്താംക്ലാസുകാർ പഠിക്കും. പത്താംക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ ആദ്യപാഠം ‘ചിത്രകാരി’യെന്ന ഇ.കെ. ഷാഹിനയുടെ കഥയാണ്. കുടുംബപരമായ ചുമതലകൾ സ്ത്രീകളെ കലാരംഗത്തുനിന്ന് മാറ്റിനിർത്തുന്നതെങ്ങനെയെന്നതാണ് ഉള്ളടക്കം. ചരിത്രം രചിച്ച നാടക മെന്ന തലക്കെട്ടിൽ ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ എന്ന നാടകത്തിന് കെ. കേളപ്പൻ എഴുതിയ അവതാരികയും പഠിക്കാനുണ്ട്. ഇന്ത്യയിലെ ആദ്യ ഫോട്ടോ ജേണലിസ്റ്റായ ഹോമയ് വ്യാരവാലയുടെ ജീവിതകഥ ആറാംക്ലാസുകാർ പഠിക്കും. ക്ലാസ് എട്ടിലെ കേരള പാഠാവലിയിൽ ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ എന്ന പാഠഭാഗത്ത് മലയാളികളുടെ ഹെലൻ കെല്ലർ എന്ന് അറിയപ്പെടുന്ന സിഷ്ണ ആനന്ദിന്റെ അതിജീവനകഥ പറയുന്നു. പത്താംക്ലാസ് ആരോഗ്യ-കായിക വിദ്യാഭ്യാസത്തിൽ കാലു നഷ്ടമായിട്ടും എവറസ്റ്റ് കീഴടക്കിയ മുൻ അന്തർദേശീയ വോളിബോൾ താരം അരുണിമ സിൻഹയുടെയും സ്‌കോളിയോസിസ് രോഗത്തെ അതിജീവിച്ച് 2018-ൽ വിശ്വസുന്ദരി പട്ടമണിഞ്ഞ കാട്രിയോനഗ്രേയുടെയും ജീവിതകഥയുണ്ട്. വിവിധ ക്ലാസുകളിലെ കലാപഠനത്തിൽ നാടകകലാകാരി പള്ളുരുത്തി കെ.എൻ. ലക്ഷ്മി, കഥക് നർത്തകി കുമുദി ലിഖിയ, ക്ലാസിക് നർത്തകി സൊനാൽ മാൻസിങ്, ചവിട്ടുകളി കലാകാരി കാളിയമ്മ, സിനിമാനടി സ്മിതാപാട്ടീൽ, ട്രാൻസ്ജെൻഡർ അഭിനേത്രി മേഘ, ചലച്ചിത്ര എഡിറ്റിങ് വിദഗ്ധരായ ബീന പോൾ, ടെൽമ ഷൂം മേക്കർ, നാടകരംഗത്തുള്ള കീർത്തി ജയ്ൻ, അനുരാധ കപൂർ, നീലം മാൻസിങ്, ഡോ. തീജൻ ഭായ് തുടങ്ങിയവരെക്കുറിച്ച് കുട്ടികൾ പഠിക്കും.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *