പഞ്ഞി മിഠായി കര്‍ണാടകയിൽ നിരോധിച്ചു

നിറം ചേര്‍ത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇവയില്‍ ചേര്‍ക്കുന്ന റോഡമൈന്‍-ബി പോലുള്ള കൃത്രിമ നിറങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് തിങ്കളാഴ്ച അറിയിച്ചു. വിവിധ ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകൾ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പങ്കുവെച്ചു. സുരക്ഷിതമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സുരക്ഷിതമല്ലാത്ത ഭക്ഷണരീതികള്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ഞിമിഠായി, ഗോബി മഞ്ചൂരിയന് എന്നിവയെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തിടെ നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ അദ്ദേഹം പത്രസമ്മേളനത്തിൽ വിവരിച്ചു.